മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

explosions

ഈയിടെ അപകട വാര്‍ത്തകളില്‍ ക്രമമായ ഇടവേളകളില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഒന്നാണ് മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിച്ചുള്ള അപകടം. വിലകൂടിയ ഫോണുകള്‍ ഇത്തരം അപകടമുണ്ടാക്കില്ല എന്ന ധാരണ അസ്ഥാനത്താക്കിക്കൊണ്ട് വിലകൂടിയ ഫോണുകള്‍ പോലും പൊട്ടിത്തെറിച്ച് അപകടമുണ്ടാക്കിയ വാര്‍ത്തകളും ഈയിടെ പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഫോണുകളുടെ നിര്‍മ്മാണത്തിലെ പോരായ്മ കൊണ്ട് മാത്രം ഇത്തരം അപകടങ്ങള്‍ ഉണ്ടാകുമോ? ഇല്ല എന്നതാണ് വാസ്തവം.

ഉപയോഗിക്കേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ ഫോണ്‍ ഉപകാരിയാണ്. എന്നാല്‍ അതിനെ അലക്ഷ്യമായി കൈകാര്യം ചെയ്യുമ്പോള്‍ ഏതു സമയത്തും പൊട്ടാവുന്ന ഒരു ബോംബ് കയ്യില്‍ കൊണ്ട് നടക്കും പോലെയാണ് എന്ന് ഓര്‍ക്കുന്നത് നന്ന്. ഇത് വായിച്ച് പേടി തോന്നി മൊബൈല്‍ ദൂരേക്ക് നീക്കിപിടിക്കേണ്ട. ചില മുന്‍കരുതലുകള്‍ എടുത്താല്‍ മാത്രം മതി; മൊബൈലിനൊപ്പം നമ്മളും സുരക്ഷിതരാകും.

ഇക്കഴിഞ്ഞ ആഴ്ച കൊല്ലത്ത് അഞ്ചാലുംമൂട്ടില്‍ ഒരു മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചിരുന്നു. പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഫോണ്‍ അമിതമായി ചൂടായപ്പോള്‍ എടുത്ത് പുറത്തേക്ക് എടുത്തെറിഞ്ഞതിനാല്‍ ആളപായം ഉണ്ടായില്ല എന്ന് മാത്രം. ഇത്തരം വാര്‍ത്തകള്‍ കേരളത്തില്‍ പോലും കേട്ടുതുടങ്ങിയ സാഹചര്യത്തില്‍ മൊബൈല്‍ കൈകാര്യം ചെയ്യുമ്പോള്‍ നാം കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മൊബൈലില്‍ നിന്നും പൊള്ളലേല്‍ക്കാനും പൊട്ടിത്തെറി മൂലം ഗ്‌ളാസ് പോലുള്ള കൂര്‍ത്ത ഭാഗങ്ങള്‍ തറച്ചുകയറി അപകടമുണ്ടാകാനും സാധ്യതയുണ്ട്.

അതാത് ഉപകരണങ്ങള്‍ക്കൊപ്പം ലഭിക്കുന്ന ചാര്‍ജര്‍ മാാത്രം ഉപയോഗിക്കുക എന്നതാണ് ചാര്‍ജിംഗ് വേളയില്‍ ബാറ്ററി അമിതമായി ചൂടായി പൊട്ടിത്തെറികാത്തിരിക്കാനുള്ള ഒരു മുന്‍കരുതല്‍. ബാറ്ററി മാറ്റേണ്ടി വരുന്ന വേളയില്‍ ഒറിജിനല്‍ ബാറ്ററി തന്നെ വാങ്ങുക. വില കുറഞ്ഞ ബാറ്ററികള്‍ വാങ്ങുന്നത് നിങ്ങളുടെ ജീവന് തന്നെ ഭീഷണിയായേക്കാം. അമിതമായി ചൂടാകുന്ന സ്ഥലങ്ങളില്‍ ഫോണ്‍ വയ്ക്കാതിരിക്കുക. ഗ്യാസ് അടുപ്പുകള്‍, ഇലക്ട്രിക്ക് കെറ്റില്‍, അയണ്‍ ബോക്‌സ് എന്നിവയുടെ സമീപം മൊബൈല്‍ ഉപയോഗിക്കാതിരിക്കുക. പെട്രോള്‍ പമ്പുകളില്‍ മൊബൈല്‍ ഒരു കാരണവശാലും ഉപയോഗിക്കാന്‍ പാടില്ല.

മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കുന്ന ലിഥിയം അയോണ്‍ ബാറ്ററികള്‍ താരതമ്യേന സുരക്ഷിതമാണ്. എന്നാല്‍ ബാക്കപ് കൂടുതല്‍ ലഭിക്കുന്ന ലിഥിയം പോളിമര്‍ ബാറ്ററികള്‍ എളുപ്പത്തില്‍ ചൂടാകാനും പൊട്ടിത്തെറിക്കാനും സാധ്യതയുണ്ട്. ഇവ ടാബുകളിലും ഫാബ്ലറ്റുകളിലും ഇപ്പോള്‍ സാധാരണയായി ഉപയോഗിച്ച് വരുന്നു. സാധാരണ ബാറ്ററികളില്‍ നിന്നും വ്യത്യസ്തമായി ഇവയുടെ ഉപയോഗത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.

www.facebook.com/syed.shiysa