മിന്നലാക്രമണം എന്താണെന്ന് പാകിസ്ഥാന്‍ കാണിച്ചു തരാം: ഇന്ത്യയ്ക്ക് ഹാഫിസ് സയ്ദിന്റെ ഭീഷണി

single-img
1 October 2016

Hafiz Saeed

പാക് അധിനിവേശ കാശ്മീരില്‍ അതിര്‍ത്തി ലംഘിച്ച് മിന്നലാക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യയ്ക്ക് ജമാത് ഉത് ദവ നേതാവ് ഹാഫിസ് സയ്ദിന്റെ ഭീഷണി. മിന്നലാക്രമണ വാര്‍ത്ത ഇന്ത്യ കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ സയ്ദ് മിന്നലാക്രമണമെന്താണെന്ന് ഇന്ത്യയ്ക്ക് പാകിസ്ഥാന്‍ കാണിച്ചുകൊടുക്കാമെന്നായിരുന്നു ഭീഷണി മുഴക്കിയത്.

പാകിസ്ഥാന്‍ അത്തരമൊരു ആക്രമണം നടത്തിയാല്‍ അമേരിക്കയ്ക്ക് പോലും തടയാനാകില്ലെന്നും സയ്ദ് അവകാശപ്പെട്ടു. ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാന്‍ പാകിസ്ഥാന്‍ സൈന്യത്തിന് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കണമെന്നും ഹാഫിസ് സയ്ദ് പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ആവശ്യപ്പെട്ടു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് ഹാഫിസ് സയ്ദ്.

ഉറിയില്‍ സൈനിക ക്യാമ്പുകള്‍ക്ക് നേരെ ആക്രമണം നടത്തിയത് കാശ്മീരിലെ വിഘടനവാദികളാണെന്നും ആക്രമണത്തില്‍ 177 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നും സയ്ദ് അവകാശപ്പെട്ടു. അതേസമയം ഇന്ത്യയുടെ മിന്നലാക്രമണ വാര്‍ത്ത ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ബുദ്ധിയില്‍ തെളിഞ്ഞ സൈക്കോളജിക്കല്‍ തന്ത്രമാണെന്നും സയ്ദ് പറയുന്നു.

കാശ്മീരികള്‍ കൂട്ടത്തോടെ കൊല്ലപ്പെടുമ്പോള്‍ ലോകം നിശബ്ദമാണ്. ഇതിനെതിരെ കാശ്മീരി വിഘടനവാദികള്‍ ഉറിയില്‍ പ്രതികരിച്ചപ്പോള്‍ മാത്രമാണ് അമേരിക്കയും മറ്റുള്ളവരും ഉണര്‍ന്നത്. കൂടാതെ കാശ്മീര്‍ താഴ്‌വരയില്‍ അശാന്തി ആരംഭിച്ചത് ഹിസ്ബുല്‍ മുജാഹുദ്ദീന്‍ പ്രവര്‍ത്തകന്‍ ബുര്‍ഹാന്‍ വാനി ജൂലൈ എട്ടിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയാണെന്നും സയ്ദ് ആരോപിക്കുന്നുണ്ട്.