കള്ളപ്പണം വെളിപ്പെടുത്താന്‍ സമയം കഴിഞ്ഞു; മുംബൈയിലെ തട്ടുകടകള്‍ വെളിപ്പെടുത്തിയത് 50 കോടി

single-img
1 October 2016

food-stall

കള്ളപ്പണം വെളിപ്പെടുത്താനുള്ള അവസാന ദിവസം ഇന്നലെ പൂര്‍ത്തിയായപ്പോള്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍. മുംബൈയിലെയും പരിസര പ്രദേശങ്ങളിലെയും തട്ടുകടകള്‍ മാത്രം വെളിപ്പെടുത്തിയത് 50 കോടിയിലേറെ രൂപയുടെ കള്ളപ്പണമാണ്.

പണമായും ആസ്തിയായുമായിരുന്നു ഇത്രയും തുക. 22.5 കോടി രൂപയാണ് ഈ തട്ടുകള്‍ നികുതിയായി അടച്ചിരിക്കുന്നത്. മുംബൈയില്‍ തെരുവുകളുടെ ഇരുവശങ്ങളിലായി പ്രവര്‍ത്തിക്കുന്ന 200 തട്ടുകടകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതോടെയാണ് പലരും കള്ളപ്പണം വെളിപ്പെടുത്താന്‍ തയ്യാറായത്. താനെയിലെ പ്രശസ്തമായ വട പാവ് സെന്റര്‍, ഗട്ട്‌കോപ്പറിലെ ദോശ സെന്റര്‍, അന്ധേരിയിലെ സാന്‍ഡ്വിച്ച് സെന്റര്‍, ദക്ഷിണ മുംബൈയിലെ ജിലേബിവാല തുടങ്ങിയ കടകളിലായിരുന്നു ആദായനികുതി വകുപ്പിന്റെ റെയ്ഡ്.

അഞ്ച് കോടി രൂപയുടെ സ്വത്ത് വെളിപ്പെടുത്തിയ ഗാട്ട്‌കോപ്പറിലെ ഒരു ജ്യൂസ് സെന്റര്‍ ഉടമയാണ് ഏറ്റവും കൂടുതല്‍ തുക വെളിപ്പെടുത്തിയത്. 25 ലക്ഷം മുതല്‍ രണ്ട് ലക്ഷം രൂപ വരെ വെളിപ്പെടുത്തിയവരാണ് മറ്റുള്ളവര്‍. വ്യാഴാഴ്ച വൈകിട്ട് വരെ രാജ്യമൊട്ടാകെ 40,000 കോടി രൂപ വെളിപ്പെട്ടിട്ടുണ്ട്. മുംബൈ, താനെ, ന്യൂമുംബൈ എന്നിവിടങ്ങളില്‍ നിന്ന് മാത്രം 5000 കോടിയോളം വെളിപ്പെടുത്തി.

ഇന്ന് പുലര്‍ച്ചെ വരെ ജോലിയെടുത്താണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസിലെ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയ കള്ളപ്പണത്തിന്റെ കണക്കുകളും പിരിച്ചെടുത്ത നികുതിയും കണക്കില്‍ കൊള്ളിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങളായി ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇതിനായി ഇരുപത്തിനാല് മണിക്കൂറും ജോലി ചെയ്യുകയായിരുന്നു.