ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തെറ്റായ വാര്‍ത്ത: യുവതിക്കെതിരെ പോലീസ് കേസെടുത്തു

single-img
1 October 2016

tamil-nadu-chief-minister-jayalalithaa_650x400_51464182464

ചെന്നൈ: ഒരാഴ്ചയിലേറെയായി ആശുപത്രിയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിപ്പിച്ച യുവതിക്കെതിരെ പോലീസ് കേസെടുത്തു. ജയലളിത നേതൃത്വം നല്‍കുന്ന എഐഎഡിഎംകെ നേതൃത്വത്തിന്റെ പരാതിയിലാണ് കേസെടുത്തത്.

അതേസമയം ഈ യുവതി ഇപ്പോള്‍ ഫ്രാന്‍സിലാണെന്നാണ് കരുതപ്പെടുന്നത്. തമിഴ്‌നാട്ടില്‍ കലാപം സൃഷ്ടിക്കുകയായിരുന്നു യുവതിയുടെ ലക്ഷ്യമെന്നാണ് ആരോപണം. ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ അതിശയോക്തി കലര്‍ന്നതാണെന്നും ഏതാനും ദിവസങ്ങള്‍ക്കകം അവര്‍ ഔദ്യോഗിക ചുമതലകളിലേക്ക് മടങ്ങിവരുമെന്നും പരാതിയില്‍ ആവര്‍ത്തിക്കുന്നുണ്ട്.

ജയലളിതയെ ഇംഗ്ലണ്ടില്‍ നിന്നുമെത്തിയ ഡോക്ടര്‍ പരിശോധിച്ചെന്ന വാര്‍ത്തയും അണികള്‍ക്കിടയില്‍ ആശങ്കപരത്തിയിട്ടുണ്ട്. ഡോ. റിച്ചാര്‍ഡ് ജോണ്‍ ബെയല്‍ ചെന്നൈയിലെത്തി ജയലളിതയെ പരിശോധിച്ചുവെന്നാണ് ചില ദേശീയ മാധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജ്യത്തെ ഏറ്റവും പ്രശസ്തയും കരുത്തുറ്റതുമായ രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് ജയലളിത. കഴിഞ്ഞ വ്യാഴാഴ്ചയാണ് 68കാരിയായ ഇവരെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയ്ക്കും നിര്‍ജ്ജലീകരണത്തിനും മാത്രമാണ് അവര്‍ ചികിത്സ തേടിയിരിക്കുന്നതെന്നും പാര്‍ട്ടി വക്താക്കള്‍ അറിയിച്ചു. ഏകദേശം നൂറ് മണിക്കൂറുകളോളം ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആശുപത്രി അധികൃതര്‍ ഒന്നും വ്യക്തമായി പറയാതിരുന്നതോടെ നില ഗുരുതരമായെന്ന ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്നലെ രാത്രിയോടെ അവര്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. അതേസമയം ഏതാനും ദിവസം കൂടി ആശുപത്രിയില്‍ തുടരാനാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.

ഇതിനിടെ ജയലളിതയുടെ രാഷ്ട്രീയ ശത്രുവും തമിഴ്‌നാട്ടിലെ മുഖ്യപ്രതിപക്ഷമായ ഡിഎംകെയുടെ നേതാവുമായ എം കരുണാനിധി അഭ്യൂഹങ്ങള്‍ക്ക് അവസാനമുണ്ടാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജയലളിതയുടെ ആശുപത്രിയില്‍ നിന്നുള്ള ചിത്രം പ്രസിദ്ധപ്പെടുത്താനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലാത്തത് മറ്റൊരു പ്രതിപക്ഷ പാര്‍ട്ടിയായ പിഎംകെയുടെ നേതാവ് ഡോ. എസ് രാമദോസും ചോദ്യം ചെയ്തു. അല്ലാത്തപക്ഷം അതു സംബന്ധിച്ച് ആശങ്കയും ഊഹാപോഹങ്ങളും വളരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുതിര്‍ന്ന എഐഎഡിഎംകെ നേതാക്കള്‍ക്ക് പോലും ആശുപത്രിയിലെത്തിയിട്ടും അവരെ സന്ദര്‍ശിക്കാനായില്ലെന്നും അദ്ദേഹം എടുത്തു പറഞ്ഞു.

അതേസമയം ആശുപത്രി കിടക്കയിലായിരിക്കുമ്പോഴും ഭരണത്തിന്റെ മുഴുവന്‍ നിയന്ത്രണവും മുഖ്യമന്ത്രിക്ക് തന്നെയാണെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. കര്‍ണാടകയുമായി നടക്കുന്ന കാവേരി നദീജല തര്‍ക്കത്തെക്കുറിച്ച് രണ്ട് ദിവസം മുമ്പ് അവര്‍ തയ്യാറാക്കിച്ച പ്രസംഗമാണ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

മുന്‍ ചലച്ചിത്ര താരവും നാലാംവട്ടം തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജയലളിതയ്ക്ക് ലക്ഷക്കണക്കിന് ആരാധകരാണ് ഉള്ളത്. അതിനാല്‍ തന്നെ അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് സംസ്ഥാനത്ത് കലാപത്തിനും ലഹളയ്ക്കും കാരണമാകുമെന്ന് ഭയപ്പെടുന്നുണ്ട്. 2014ല്‍ അഴിമതിക്കേസില്‍ അവര്‍ ജയിലില്‍ ആയപ്പോള്‍ ഇരുന്നൂറിലേറെ പേരാണ് ആത്മഹത്യ ചെയ്തത്. നൂറിലേറെ പേര്‍ അവരോടുള്ള വിശ്വാസം പ്രകടിപ്പിക്കാന്‍ തല മുണ്ഡനം ചെയ്യുകയും ചെയ്തു. പിന്നീട് കുറ്റവിമുക്തയാക്കപ്പെട്ട അവര്‍ ഒമ്പത് മാസത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിയായി ചുമതലയേറ്റു.