മൊബൈല്‍ വില്‍പ്പനയില്‍ ആപ്പിളിനെ കടത്തിവെട്ടി ഓപ്പോ

oppo-f1s-1

കടുത്ത മത്സരം നടക്കുന്ന നമ്മുടെ രാജ്യത്തെ മൊബൈല്‍ വിപണിയില്‍ ഒരു ചൈനീസ് കമ്പനി ആപ്പിളിനെ മറികടക്കും എന്ന് കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നിയേക്കാം. എന്നാല്‍ ഏവരെയും വിസ്മയിപ്പിച്ചുകൊണ്ട് ഓപ്പോ അത് സാധ്യമാക്കിയിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന അഞ്ച് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകളില്‍ രണ്ടാം സ്ഥാനത്തായിരുന്ന ആപ്പിളിന്റെ ഐ ഫോണിനെ പിന്നിലാക്കിയാണ് ഓപ്പോയുടെ കുതിപ്പ്.

12 വര്‍ഷം മുന്‍പ് ചൈനയില്‍ പ്രവര്‍ത്തനമാരംഭിച്ച ഓപ്പോ 2008ലാണ് മൊബൈല്‍ നിര്‍മ്മാണ രംഗത്ത് പ്രവേശിച്ചത്. ഫോണിനൊപ്പം വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളും വിപണിയിലെത്തിച്ച് ആഗോളതലത്തില്‍ ശ്രദ്ധനേടിയ ഓപ്പോയുടെ ഇന്ത്യയിലെ വളര്‍ച്ച അസൂയാവഹമാണ്. 2016 ഓഗസ്റ്റിലെ കണക്കുകള്‍ പ്രകാരമാണ് ഓപ്പോയുടെ ഇന്ത്യന്‍ വിപണിയിലെ മുന്നേറ്റം ശ്രദ്ധേയമാകുന്നത്. ഓപ്പോ എഫ് 1 എന്ന ഒരൊറ്റ മോഡലിന്റെ ചുവട് പിടിച്ചാണ് ഇന്ത്യയില്‍ ഈ ചൈനീസ് കമ്പനി മുന്‍ മാസങ്ങളെ അപേക്ഷിച്ച് വില്‍പ്പനയില്‍ 16 ശതമാനം വളര്‍ച്ച നേടിയത്.

16 മെഗാ പിക്‌സലിന്റെ മികച്ച സെല്‍ഫി കാമറയുമായി എത്തിയ ഓപ്പോ എഫ് 1 ഇപ്പോഴും ഇന്ത്യന്‍ വിപണിയിലെ താരമാണ്. രാജ്യത്തെ ആകെ ഫോണ്‍ വില്‍പ്പനയുടെ 46.9 ശതമാനം കയ്യാളുന്ന സാംസങ്ങിന് വെല്ലുവിളിയുയര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഓപ്പോയുടെ ഈ നേട്ടം മറ്റു ബ്രാന്‍ഡുകള്‍ക്ക് ആശാവഹമാണ്. മൊബൈല്‍ വിപണിയിലെ മൂന്നാം സ്ഥാനത്തെത്തിയ ആപ്പിളിന് തൊട്ടു പിന്നിലായി റിലയന്‍സിന്റെ ലൈഫ് ഫോണുകള്‍ കുതിച്ചെത്തിയിട്ടുണ്ട്. മറ്റൊരു ഇന്ത്യന്‍ ബ്രാന്‍ഡായ മൈക്രോമാക്സാണ് വില്‍പ്പനയിലെ അഞ്ചാം സ്ഥാനക്കാര്‍.