രക്തദാനത്തിലൂടെ ഇന്ത്യയില്‍ എയ്ഡ്സ് പടരുന്നു

single-img
1 October 2016

blood-donation

ന്യൂഡല്‍ഹി: രക്തദാനത്തിലൂടെ ഇന്ത്യയില്‍ എച്ച്‌ഐവി പടര്‍ന്നത് 2234 പേര്‍ക്ക്. കേരളത്തില്‍ 89 പേര്‍ക്കാണ് ഇത്തരത്തില്‍ എച്ച്‌ഐവി പടര്‍ന്നത്. ദേശീയ എയ്ഡ്‌സ് നിയന്ത്രണ സംഘടനയായ (നാക്കോ) പുറത്ത് വിട്ട കണക്കാണിത്.

സുരക്ഷിതമല്ലാത്ത രക്തദാനത്തിലൂടെ ഏറ്റവുമധികം എച്ച്‌ഐവി ബാധിച്ചിരിക്കുന്നത് ഉത്തര്‍പ്രദേശിലാണ്. 361 പേര്‍ക്കാണ് സംസ്ഥാനത്ത് ഇത്തരത്തില്‍ രോഗം ബാധിച്ചത്. 292 പേരുമായി ഗുജറാത്താണ് രണ്ടാം സ്ഥാനത്തുള്ളത്. മഹാരാഷ്ട്രയില്‍ 276ഉം ഡല്‍ഹിയില്‍ 264ഉം പശ്ചിമ ബംഗാളില്‍ 135ഉം കര്‍ണാടകയില്‍ 127ഉം ഹരിയാണയില്‍ 99ഉം ബിഹാറില്‍ 91ഉം തമിഴ്‌നാട്ടില്‍ 89ഉം പഞ്ചാബില്‍ 88ഉം ഛത്തീസ്ഗഢില്‍ 69ഉം ഒഡിഷയിലും രാജസ്ഥാനിലും 55ഉം ആന്ധ്രപ്രദേശിലും തെലങ്കാനയിലും 43 പേര്‍ക്കും ഇപ്രകാരം എയ്ഡ്‌സ് പിടിപെട്ടിട്ടുണ്ട്.

മറ്റ് സംസ്ഥാനങ്ങളായ ജാര്‍ഖണ്ഡിലും മണിപ്പൂരിലും 17 വീതവും ഉത്തരാഖണ്ഡില്‍ 16ഉം മധ്യപ്രദേശിലും കശ്മീരിലും 14ഉം അസമില്‍ എട്ടും മിസ്സോറാം നാഗാലാന്റ് എന്നിവിടങ്ങളില്‍ നിന്നും മൂന്നും ഗോവയില്‍ രണ്ട് പേര്‍ക്കും പുതുച്ചേരിയില്‍ ഒരാള്‍ക്കും എയ്ഡ്‌സ് ബാധിച്ചിട്ടുണ്ട്. 2014 സെപ്തംബര്‍ മുതല്‍ 2016 മാര്‍ച്ച് വരെയുള്ള കണക്കാണിത്. രാജ്യത്തെ അംഗീകൃത രക്തബാങ്കുകളില്‍ നിന്ന് ലഭിച്ച രക്ത സാമ്പിളുകളില്‍ നിന്നാണ് ഈ കണക്ക് തയ്യാറാക്കിയിരിക്കുന്നത്. പല ലാബുകളും കര്‍ശനമായ സുരക്ഷാ സംവിധാനങ്ങളോ നിയമങ്ങളോ പാലിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രക്തം പരിശോധിക്കുന്നതിനായുള്ള സീറോളജി അടക്കമുള്ള രീതികള്‍ ഫലപ്രദമല്ല. എച്ച്‌ഐവിക്ക് പുറമെ ഇത്തരത്തിലുള്ള രക്ത കൈമാറ്റം വഴി ഹെപ്പറ്റെറ്റിസ് ബി, സി തുടങ്ങിയവയ രോഗങ്ങളും പടരുന്നുണ്ട്.

കേരളത്തില്‍ ഐഎംഎ രക്തബാങ്കിന് മാത്രമാണ് സീറോളജി സാങ്കേതിക വിദ്യയുള്ളത്. ഇവിടെത്തന്നെ പലയിടങ്ങളിലും ഇത്തരം രോഗാണുവുള്ള രക്തം കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ പലരും എങ്ങിനെ രോഗം പിടിപെട്ടു എന്ന് കൃത്യമായി പറയില്ല എന്നതിനാല്‍ തന്നെ നാക്കോ പുറത്തുവിട്ടിരിക്കുന്ന വിവരം 100 ശതമാനം വിശ്വസനീയമല്ലെന്നും പറയപ്പെടുന്നുണ്ട്.