മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുകൊണ്ട് വീണ്ടും ഹൈക്കോടതിയില്‍ അഭിഭാഷകര്‍

single-img
1 October 2016

advocates

കൊച്ചി: മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ കയറ്റില്ലാ എന്നു തീരുമാനിച്ച് ഒരു കൂട്ടം അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരെ ഇന്നലെ ഹൈക്കോടതിയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിച്ചില്ല. ധാരണകള്‍ ലംഘിച്ചു കൊണ്ടാണ് കേരള ഹൈക്കോടതിയില്‍ വീണ്ടും മാധ്യമവിലക്കുണ്ടായത്. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഒരു വിഭാഗം അഭിഭാഷകര്‍ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയശേഷം പൊലീസ് സംരക്ഷണയിലാണ് മാധ്യമ പ്രവര്‍ത്തകര്‍ പുറത്തുവന്നത്. ചീഫ് ജസ്റ്റിസിന്റെ സാന്നിധ്യത്തിലുണ്ടാക്കിയ ഉറപ്പാണ് ഒരു വിഭാഗം അഭിഭാഷകര്‍ പൊളിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയില്‍ വിലക്കില്ലെന്നും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഉറപ്പുവരുത്തുമെന്നുമുള്ള ചീഫ് ജസ്റ്റിസിന്റെ വാക്കുകളാണ് ഇന്നലെ പൊളിച്ചെഴുതിയത്.

മുതിര്‍ന്ന അഭിഭാഷകനായ എം കെ ദാമോദരന്‍ മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പു നല്‍കുന്നതായി യോഗത്തെ അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് വിവിധ മാധ്യമപ്രതിനിധികള്‍ ഹൈക്കോടതിയില്‍ എത്തിയത്. എന്നാല്‍ ചീഫ് ജസ്റ്റിസിന്റെ കോടതി മുറിക്ക് മുന്നിലെത്തിയ ഇവരെ ചില അഭിഭാഷക അസോസിയേഷന്‍ ഭാരവാഹികള്‍ അടക്കമുളളവര്‍ ചേര്‍ന്ന് തടഞ്ഞു. കോടതിയില്‍ കയറരുതെന്നും പുറത്തുപോയില്ലെങ്കില്‍ മദ്ദിക്കുമെന്നുമായിരുന്നു ഭീഷണി.

കോടതിമുറിയ്ക്കുളളിലേക്ക് ഓടിക്കയറിയ മാധ്യമപ്രവര്‍ത്തകര്‍ ചീഫ് ജസ്റ്റീസിനോട് കാര്യം പറഞ്ഞപ്പോള്‍ രജിസ്ട്രാര്‍ക്ക് പരാതി നല്‍കാനായിരുന്നു നിര്‍ദേശം.