കാമറയ്ക്ക് ഇനി കംപ്യൂട്ടറിനെക്കാളും കൂടിയ മെമ്മറി;ഫോട്ടോഗ്രാഫറൻമാരുടെ സ്വപ്നമായിരുന്ന 1 ടി ബി സ്റ്റോറേജ് എസ് ഡി കാർഡ് സാൻഡിസ്ക് പുറത്തിറക്കി

ഫോട്ടോഗ്രാഫറൻമാരുടെ സ്വപ്നമായിരുന്ന 1 ടി ബി സ്റ്റോറേജ് എസ് ഡി കാർഡ് സാൻഡിസ്ക് പുറത്തിറക്കി. ഇടക്കിടക്ക് കാർഡ് മാറ്റേണ്ടി വരുന്നതും എടുത്ത ഫോട്ടോകൾ കാർഡിൽ സ്ഥലം തികയാത്തതിനാൽ ഓവർറൈറ്റ് ചെയ്യേണ്ടി വരുന്നതുമെല്ലാം പ്രൊഫഷണൽ ഫോട്ടോഗ്രാഫറൻമാർക്ക് ജോലിത്തിരക്കിനിടയിൽ വൻ തലവേദന സൃഷ്ടിച്ചിരുന്ന ഒന്നാണ്. എന്നാൽ കാമറകളിൽ മെമ്മറി കുറവ് എന്ന സാഹചര്യം ഇനിപഴങ്കഥയാകുമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

റോ(RAW) ഫോർമാറ്റിൽ ഷൂട്ട്‌ ചെയ്യുന്ന പടങ്ങൾ പെട്ടെന്ന് മെമ്മറി കാർഡ് നിറയ്ക്കുമെന്നതിനാൽ ഈ മോഡിൽ ഷൂട്ട് ചെയ്യുന്നവർക്ക് 1 ടി ബി സ്റ്റോറേജ് നൽകുന്ന പുതിയ എസ് ഡി കാർഡ് വലിയൊരാശ്വാസമാണ്‌ നൽകുന്നത്. വീഡിയോ പ്രൊഡക്ഷനും, ടിവി ചാനലുകളും ടേപ്പ് ലെസ്സ് എന്ന സങ്കേതത്തിലേക്ക് മാറിയതോടെ മെമ്മറി കാർഡിന് ഈ മേഖലയിലും ഏറി വരുന്ന പ്രാധാന്യം മുന്നിൽ കണ്ടു കൊണ്ടാണ് വിശാലമായ സ്റ്റോറേജ് നൽകുന്ന എസ് ഡി കാർഡുകൾ വിവിധ കമ്പനികൾ പുറത്തിറക്കാനൊരുങ്ങുന്നത്.

ഒരു ലാപ്‌ടോപ്പിനേക്കാളും ഉയർന്ന സ്റ്റോറേജ് ഉള്ള കാമറാ ഉപകരണങ്ങൾ ഒരിക്കൽ സ്വപ്നമായിരുന്നെങ്കിൽ നൂതന പ്രോസസറുകളുടെ വരവോടെയാണ് ഇത് സാധ്യമായിരിക്കുന്നത്.1 ടിബി എസ്ഡി എക്സ് സി കാർഡിന്റെ പ്രോട്ടോടൈപ്പാണ് പരീക്ഷണാർത്ഥം സാൻഡിസ്ക് പുറത്തിറക്കിയിരിക്കുന്നത്. ഇതിന്റെ വിലയോ മാർക്കറ്റിലെ ലഭ്യതയെക്കുറിച്ചുള്ള മറ്റു വിവരങ്ങളോ ഇത് വരെ ലഭ്യമായിട്ടില്ല.2009 ലാണ് 32 ജിബിയ്ക്ക് മുകളിൽ സംഭരണ ശേഷിയുള്ള എസ്ഡി എക്സ് സി ( എക്സറ്റൻഡഡ് കപ്പാസിറ്റി) കാർഡുകൾ ആദ്യമായി വിപണിയിലെത്തുന്നത്. 90 മെഗാബൈറ്റ്‌സ്/സെക്കൻഡ് വരെ ഉയർന്ന ഇന്റർഫേസ് വേഗത നൽകാൻ ശേഷിയുള്ളവയാണ് എസ്‌ഡി എക്സ് സി കാർഡുകൾ.

4 കെ, വെർച്വൽ റിയാലിറ്റി, 360 ഡിഗ്രി വീഡിയോ, 8 കെ പോലുള്ള ഫോർമാറ്റുകളിലെ മണിക്കൂറുകൾ വരുന്ന വമ്പൻ വീഡിയോ ഫയലുകളെ വരെ ഉൾക്കൊള്ളാൻ 1 ടി ബി സ്റ്റോറേജ് നൽകുന്ന കാർഡുകൾക്ക് കഴിയുമെന്നതാണ് ഈ രംഗത്ത് ഇത്തരം കാർഡുകൾ സൃഷ്ടിക്കുന്ന വിപ്ലവം. എന്നാൽ ഈ കാർഡ് യാഥാർഥ്യമാകുന്നതോടെ മറ്റു ചില പ്രശ്നങ്ങളും തലപൊക്കും.ദിവസങ്ങളോളം കഷ്ടപ്പെട്ട് ഷൂട്ട്‌ ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും ഈ ഒരു കാർഡ് ചീത്തയായാൽ; അല്ലെങ്കിൽ നഷ്ടപ്പെട്ടാൽ? എല്ലാം പോയി അത്ര തന്നെ. സൗകര്യം കൂടുമ്പോൾ റിസ്കും കൂടും എന്ന് ചുരുക്കം.