ഉറി ആക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍: പാകിസ്താന്റെ ആവര്‍ത്തിച്ചുള്ള ആവശ്യങ്ങള്‍ ബാന്‍ കി മൂണ്‍ അവഗണിച്ചു

single-img
21 September 2016

ban-ki-moonഞായറാഴ്ച ഉറിയിലെ സൈനിക കേന്ദ്രത്തിനു നേരെ ഉണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍. പാകിസ്താന്റെ പേരെടുത്ത് പരാമര്‍ശിച്ചും അല്ലാതെയുമാണ് ലോകരാഷ്ട്രങ്ങള്‍ ഭീകരാക്രമത്തെ അപലപിച്ചത്. പാകിസ്താന്റേയും പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളുടേയും പേരെടുത്ത് പറഞ്ഞാണ് റഷ്യ അക്രമണത്തെ അപലപിച്ചത്. പാകിസ്താന്‍ കേന്ദ്രമാക്കിയാണ് അക്രമണമെന്ന് പറഞ്ഞ ഫ്രാന്‍സ് ഭീകരവാദത്തിനെതിരെ പോരാടാന്‍ ഇന്ത്യയ്‌ക്കൊപ്പം അണിനിരക്കുമെന്നും അറിയിച്ചു. ജര്‍മനി, ജപ്പാന്‍, മംഗോളിയ, സൗദി, കാനഡ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

പാകിസ്താനുമായി അടുത്ത സൗഹൃദം പങ്കിടുന്ന ചൈന ഉറി ആക്രമണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. എല്ലാ വിധത്തിലുള്ള ഭീകരവാദത്തേയും തങ്ങള്‍ എതിര്‍ക്കുന്നതായും ഉറി ഭീകരാക്രമണത്തെ അപലപിക്കുന്നതായും ചൈന അറിയിച്ചു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താനെ അന്താരാഷ്ട്ര വേദികളില്‍ ഒറ്റപ്പെടുത്തുക എന്ന ഇന്ത്യയുടെ നിലപാടിന് അനുകൂലമായാണ് ലോകരാജ്യങ്ങളുടെ പരാമര്‍ശം.

അതേസമയം പാകിസ്താന്റെ ആവര്‍ത്തിച്ചുള്ള ആവശ്യങ്ങള്‍ അവഗണിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. കശ്മീര്‍ പ്രശ്‌നം അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്താന്‍ കച്ചകെട്ടി യുഎന്‍ പൊതുസഭ സമ്മേളനത്തിനെത്തിയ പാകിസ്താന് ഇത് കനത്ത തിരിച്ചടിയായി. യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിലെ ആമുഖ പ്രസംഗത്തില്‍ ബാന്‍ കി മൂണ്‍ സിറിയ, ഇറാഖ് വിഷയങ്ങള്‍ പരാമര്‍ശിച്ചെങ്കിലും ഇന്ത്യാപാക് സംഘര്‍ഷം അവഗണിച്ചു.