സംസ്ഥാനത്തെ വിജിലന്‍സ് സംവിധാനത്തില്‍ അടിമുടി മാറ്റം വരുത്തണമെന്ന് ജേക്കബ് തോമസ്;വിജിലന്‍സ് ഓഫിസുകളോട് ചേര്‍ന്ന് ലോക്കപ്പുകള്‍ നിര്‍മ്മിക്കണം

single-img
21 September 2016

തിരുവനന്തപുരം: നിലവിലുളള വിജിലന്‍സ് സംവിധാനത്തില്‍ അടിമുടി മാറ്റം വരുത്തണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയും പുതിയ നിര്‍ദേശങ്ങള്‍ വ്യക്തമാക്കിയും സര്‍ക്കാരിന് അദ്ദേഹം കത്ത് കൈമാറുകയും ചെയ്തു.
ആഭ്യന്തര സെക്രട്ടറി നളിനി നാറ്റോക്കാണ് ജേക്കബ് തോമസ് കത്ത് കൈമാറിയത്. വിജിലന്‍സ് ഓഫീസുകളോട് ചേര്‍ന്ന് ലോക്കപ്പ് വേണമെന്നും ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റത്തില്‍ പുതിയ മാനദണ്ഡം വേണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ജേക്കബ് തോമസ് നളിനി നെറ്റോക്ക് മുമ്പും കത്ത് നല്‍കിയിരുന്നു. വിജിലന്‍സില്‍ സത്യസന്ധരും സാങ്കേതിക വൈദഗ്ധരുമായ ഉദ്യോഗസ്ഥരെ നിയമിക്കണം എന്നതായിരുന്നു ആ കത്തിന്റെ ഉള്ളടക്കം

വിജിലന്‍സ് ഓഫിസുകളോട് ചേര്‍ന്ന് ലോക്കപ്പുകള്‍ നിര്‍മ്മിക്കണം, പ്രതികളെ അറസ്റ്റ് ചെയ്യാനും ചോദ്യം ചെയ്യാനും വിജിലന്‍സിന് പ്രത്യേക സംവിധാനം വേണം എന്നിങ്ങനെയുളള നിരവധി ആവശ്യങ്ങളാണ് കഴിഞ്ഞ ദിവസം അയച്ച കത്തില്‍ വിജിലന്‍സ് ഉന്നയിച്ചിരിക്കുന്നത്. വിജിലന്‍സ് ഓഫിസുകളോട് ചേര്‍ന്ന് നിര്‍മ്മിക്കേണ്ട ജയിലുകളുടെ രൂപരേഖ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഈ രൂപരേഖയും പദ്ധതിച്ചെലവും ഉള്‍പ്പെടെയാണ് സര്‍ക്കാരിന് ഡയറക്ടര്‍ ജേക്കബ് തോമസ് കൈമാറിത്.

അതെസമയം വിജിലന്‍സിനായി എന്നല്ല ഒരു സംവിധാനത്തിനും ഇനി പുതിയതായി ജയിലുകള്‍ വേണ്ടെന്നാണ് തനിക്ക് ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് പറയാനുളളതെന്ന് പി.സി ജോര്‍ജ് എംഎല്‍എ പ്രതികരിച്ചു. കേരളത്തില്‍ ആവശ്യത്തിന് പൊലീസ് സ്റ്റേഷനുകളും ജയിലുകളും ഇപ്പോളുണ്ട്. വിജിലന്‍സിന് ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്. ജയിലുകള്‍ ഇല്ലാത്ത കേരളമാണ് തന്റെ സങ്കല്‍പ്പമെന്നും അദ്ദേഹം പറഞ്ഞു.