കൊല്ലം വഴിയുള്ള റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചു; ട്രെയിനുകള്‍ ഇന്നും വൈകിയോടുന്നു

single-img
21 September 2016

 

14423579_601214416753931_662263213_oതിരുവനന്തപുരം∙ കൊല്ലം വഴിയുള്ള ട്രെയിൻ ഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചു. മാരാരിത്തോട്ടത്ത് ചരക്കുവണ്ടി പാളംതെറ്റിയതിനെത്തുടർന്നു തകർന്ന പാത മാറ്റി സ്ഥാപിച്ചു. പുതുക്കിയ പാതയിലൂടെ കൊല്ലം – ആലപ്പുഴ പാസഞ്ചർ കടന്നുപോയി. എന്നാൽ തകരാറിലായ റെയില്‍ ഗതാഗതം സാധാരണനിലയിലാകാൻ ഇനിയും സമയമെടുക്കും. അറ്റകുറ്റപ്പണി നടത്തിയ പാളത്തിൽ ഏതാനും ദിവസത്തേക്കു വേഗനിയന്ത്രണം ഏർപ്പെടുത്തും. ഇതോടെ വരുംദിവസങ്ങളിലും ട്രെയിനുകൾ വൈകും. ഇന്നലെ 10 പാസഞ്ചറുകൾ ഉൾപ്പെടെ 12 ട്രെയിനുകൾ പൂർണമായും നാലെണ്ണം ഭാഗികമായും റദ്ദാക്കിയിരുന്നു. നാലു ദീർഘദൂര എക്സ്പ്രസ് ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. മിക്ക ട്രെയിനുകളും വൈകി.

തിങ്കളാഴ്ച രാത്രിയാണ് മാരാരിത്തോട്ടത്ത് ചരക്ക് ട്രെയിന്‍ പാളം തെറ്റിയത്. രാസവളം കയറ്റി തമിഴ്‌നാട് മീളവട്ടത്തുനിന്ന് കോട്ടയത്തേക്കു പോവുകയായിരുന്നു ട്രെയിനിന്റെ 21 വാഗണുകളില്‍ മധ്യഭാഗത്തെ എട്ടാമത്തേതു മുതല്‍ ഒമ്പതെണ്ണമാണ് പാളം തെറ്റിയത്. അഞ്ച് വാഗണുകള്‍ സമീപത്തെ വീട്ടുവളപ്പിലേക്ക് തെറിച്ചുവീണു. 300 മീറ്റര്‍ ഭാഗത്തെ പാളം പൂര്‍ണമായി തകര്‍ന്നു. തുടര്‍ന്ന് ഇന്നലെ രാത്രിയാണ് റെയില്‍വെ ട്രാക്ക് പുനഃസ്ഥാപിച്ച് അര്‍ദ്ധ രാത്രിയോടെ ട്രയല്‍ റണ്‍ നടത്തിയത്.