വാട്സാപ്പിന് ഭീഷണിയായി ഗൂഗിളിന്റെ അലോ എത്തി

വാട്സാപ്പിന് ഇത്രയും നാൾ ഭീഷണി ഉയർത്താൻ ഒരു ചാറ്റ് ആപ്പിനും കഴിഞ്ഞിരുന്നില്ലെങ്കിൽ ആ കഥയ്ക്ക് അവസാനമായി. വാട്സാപ്പിനെ വെല്ലാൻ കിടിലൻ ഫീച്ചറുകളുമായി ഗൂഗിളിന്റെ അലോ മെസ്സഞ്ചർ ആപ്പ് ആപ്പിൾ, ആൻഡ്രോയിഡ് ഫോണുകളിൽ എത്തി. ആപ്പിള്‍ ആപ്പ് സ്റ്റോറിൽ നിന്നോ ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്നോ അലോ പ്രിവ്യൂ എഡിഷൻ ഡൗൺലോഡ് ചെയ്തെടുക്കാം. ഈ ആപ്പിലെ ഗൂഗിൾ അസിസ്റ്റന്റ് എന്ന സേവനം വാട്സാപ്പിനെ കടത്തി വെട്ടാൻ അലോയെ സഹായിക്കും .

ആൻഡ്രോയിഡ് ഫോണുകളിൽ സാധാരണയായി ഗൂഗിൾ മെയിൽ ഐഡി/യൂസർ ഐഡി ഉപയോഗിച്ചാണല്ലോ സൈനപ്പ് ചെയ്യുന്നത് അതിനാൽ ഗൂഗിൾ അലോ ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ ഈ അക്കൗണ്ടുമായി കോണ്ടാക്ട് ലിസ്റ്റ്, കലണ്ടർ,ഡ്രൈവ് തുടങ്ങിയ ഗൂഗിൾ സേവനങ്ങളിലെ വിവരങ്ങൾ അലോയിലേക്ക് സിങ്ക് ചെയ്യാൻ സാധിക്കും. ഈ സൗകര്യം കൂടുതൽ ആൻഡ്രോയിഡ് ഉപയോക്താക്കളെ വാട്സാപ്പിൽ നിന്നും അലോയിൽ എത്തിക്കും.

അലോയ്‌ക്ക് ഫോണിന്റെ ലൊക്കേഷൻ ആക്സസ് സൗകര്യം നൽകിയിട്ടുണ്ടെങ്കിൽ തൊട്ടടുത്ത റസ്റ്ററന്റുകൾ, പെട്രോൾ പമ്പുകൾ തുടങ്ങിയവയൊക്കെ അലോയിലെ ഗൂഗിൾ അസിസ്റ്റന്റ് നിങ്ങൾക്ക് നിമിഷങ്ങൾക്കുള്ളിൽ ശേഖരിച്ച് നൽകും. ഗൂഗിൾ സെർച്ചിനേക്കാൾ വേറിട്ട തിരയൽ അനുഭവമാണ് അലോയിലെ ഗൂഗിൾ അസിസ്റ്റന്റ് നൽകുന്നത്. മലയാളത്തിലും അലോയിൽ നിന്നും വിവരങ്ങൾ ലഭിക്കും. എന്നാൽ ‘ക്ഷമിക്കണം ഞാനിപ്പോഴും മലയാളം പഠിച്ച്‌ കൊണ്ടിരിക്കുകയാണ്, ഇപ്പോഴിത് കണ്ടെത്താൻ ഗൂഗിൾ തിരയൽ ഉപയോഗിക്കാൻ എന്നെ അനുവദിക്കുക” എന്ന് മുൻ‌കൂർ ജാമ്യം എടുത്തതാണ് അലോ മലയാളത്തിൽ വിവരങ്ങൾ നൽകുന്നത്.

ചിത്രങ്ങൾ, വീഡിയോകൾ,ഡോക്യുമെന്റുകൾ എന്നിവ ഷെയർ ചെയ്യാനുള്ള സംവിധാനം അലോയിൽ ഉണ്ട്. ഗ്രൂപ്പ് ചാറ്റിങ് തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്. മൊബൈൽ ഒഎസ് ഒഴികെയുള്ള മറ്റ് പ്ലാറ്റുഫോമുകളിൽ അലോ ലഭ്യമാക്കിയിട്ടില്ലാത്തതിനാൽ വാട്സാപ്പ് പോലെ ഒരൊറ്റ മൊബൈൽ ഡിവൈസിൽ നിന്നു മാത്രമാകും നിങ്ങളുടെ അലോ സേവനം ഉപയോഗിക്കാൻ സാധിക്കുക. ഇത് മെച്ചപ്പെട്ട സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്യുന്നുണ്ട്. കൂടുതൽ മികവോടെ വരും ദിവസങ്ങളിൽ അലോ എത്തുന്നതോടെ വാട്സാപ്പിലൂടെ സ്ഥിരം ഹലോ പറഞ്ഞിരുന്നവർ അതിനു ബൈ പറഞ്ഞു കൊണ്ട് അലോയിലെത്തുമെന്നു കരുതാം.