ഉറി ഭീകരാക്രമണത്തിന് പാക്കിസ്ഥാനെതിരെ അടിയന്തിര നടപടിയില്ല, പ്രധാനമന്ത്രി രാഷ്ട്രപതിയെ കണ്ടു;കശ്മീരിൽ വീണ്ടും ഭീകരാക്രമണം

single-img
20 September 2016

modi-chiar-e1474274085124-600x319
ഉറി ഭീകരാക്രമണത്തിന് പാക്കിസ്ഥാനെതിരെ അടിയന്തിര നടപടിയില്ല. ആദ്യം രാജ്യാന്തരതലത്തിൽ പാകിസ്ഥാനെ ഒറ്റപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവർക്ക് ഉചിതമായ മറുപടി സൈന്യം തീരുമാനിക്കുന്ന സമയത്ത് നല്‍കുമെന്ന് കരസേന വ്യക്തമാക്കി.

ആസൂത്രണമാണ് വേണ്ടത് വൈകാരികതയല്ല വേണ്ടതെന്ന് വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ.സിങ് പറഞ്ഞു. കാശ്മീര്‍ പ്രശ്‌നത്തിന്റെ പേരില്‍ ഇന്ത്യയും പാകിസ്ഥാനും ഇടഞ്ഞു നില്‍ക്കുമ്പോള്‍ അത്തരത്തിലൊരു നീക്കമുണ്ടായാല്‍ അത് അന്താരാഷ്ട്ര സമൂഹത്തെ ഇന്ത്യയ്ക്ക് എതിരാക്കുമെന്ന വാദവും അദ്ദേഹം പങ്കുവച്ചു. വ്യക്തമായി ആസൂത്രണം ചെയ്ത് വേണം തിരിച്ചടിക്കാനെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. ഉറി ഭീകരാക്രമണവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ അദ്ദേഹം രാഷ്ട്രപതിയെ അറിയിച്ചു. മുതിര്‍ന്ന മന്ത്രിമാരും, ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്ക് തൊട്ട്പിന്നാലെയാണ് പ്രധാനമന്ത്രി രാഷ്ട്രപതിയെ സന്ദര്‍ശിച്ചത്.

മോദി രാഷ്ട്രപതി ഭവനിലെത്തി ഞായറാഴ്ച നടന്ന ഉറി ആക്രമണത്തിന്റെ വിശദാംശങ്ങള്‍ രാഷ്ട്രപതിയുമായി പങ്ക്‌വെച്ചതായി പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

മുതിര്‍ന്ന മന്ത്രിമാരായ രാജ്‌നാഥ് സിങ്, മനോഹര്‍ പരീക്കര്‍, അരുണ്‍ ജെയ്റ്റ്‌ലി, സുഷമാ സ്വരാജ്, കരസേനാ നാവിക മേധാവി ദല്‍ബീര്‍ സിങ് സുഹാഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിന് ശേഷമാണ് മോദി രാഷ്ട്രപതി ഭവനിലെത്തിയത്.

അതേസമയം ഉറി ഭീകരാക്രമണത്തിന്റെ നടുക്കം മാറും മുമ്പെ കശ്മീരില്‍ വീണ്ടും ഭീകരാക്രമണം നടന്നു. ഉത്തര കശ്മീരില്‍ ഹന്ദ്വാരയില‍ ലംഗാത്തയിലുള്ള പൊലീസ് പോസ്റ്റിന് നേരെയാണ് ഭീകര്‍ വെടിയുതിര്‍ത്തത്. വെടിയുതിര്‍ത്തശേഷം ഭീകരര്‍ ഇരുളില്‍ ഓടി മറഞ്ഞു.
വെടിവെയ്പില്‍ ആർക്കും പരിക്കില്ല. ഭീകരർക്കായി തെരച്ചിൽ തുടങ്ങി. കുപ്‌വാര ജില്ലയിലുള്ള ഹന്ദ്വാര നിയന്ത്രണരേഖയ്ക്ക് സമീപമുള്ള സ്ഥലമാണ്.