കേന്ദ്ര സര്‍ക്കാരിന്‍റെ സുരക്ഷ വീഴ്ചയ്ക്കെതിരേ സാമൂഹ്യമാധ്യമങ്ങളിൽ രോഷം

single-img
19 September 2016

 

Cartoon By MANJUL

ഉറിയിലെ സൈനിക ആസ്ഥാനത്ത് ഭീകര ആക്രമണം നടന്ന സാഹാചാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പരിഹാസത്തില്‍ പൊതിഞ്ഞ വിമര്‍ശനവുമായ് സോഷ്യല്‍ മീഡിയ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും മുന്‍ ട്വീറ്റുകളും പ്രസ്താവനകളുമാണ് സോഷ്യല്‍ മീഡിയ കുത്തിപൊക്കുന്നത്.

മോഡി പ്രധാനമന്ത്രിയായാല്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റത്തിന് ഒരു പാക് ഭീകരനും ധൈര്യമുണ്ടാകില്ലെന്ന് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വീമ്പിളക്കിയ അമിത് ഷായെ പരിഹസിക്കുകയാണ് സോഷ്യല്‍ മീഡിയ.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് അതിര്‍ത്തിയില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍ ഉണ്ടാകുമ്പോഴെല്ലാം രൂക്ഷവിമര്‍ശനവുമായി എത്തിയ മോഡി ഇപ്പോള്‍ എവിടെപോയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയരുന്നത്.1962–ലെ ഇന്ത്യ–ചൈന യുദ്ധം മുതൽ ഷറമൽ ഷെയ്‌ഖിലെ ഇന്ത്യ–പാക്ക് ചർച്ചകളുടെ പരാജയം വരെ കോൺഗ്രസ് ഭരണകാലത്തു രാജ്യത്തിനേറ്റ തിരിച്ചടികളാണെന്ന ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്‍റെ പ്രസ്താവനയും ചോദ്യം ചെയ്യുന്നുണ്ട്.
ഇനിയാരും തന്റെ അനുവാദം കൂടാതെ അതിര്‍ത്തി കടക്കില്ലെന്ന് ഉറപ്പുനല്‍കുന്നുവെന്നും പത്താന്‍കോട്ടില്‍ നടന്നത് അവസാന സംഭവമായിരിക്കുമെന്നു പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ നടത്തിയ പ്രസ്താവന കുത്തിപ്പൊക്കിയിട്ടുണ്ട്.

മോഡി പ്രധാന മന്ത്രി ആയതിനു ശേഷമുള്ള ഭീകര ആക്രമണങ്ങള്‍ അടി വരയിട്ട് പറയുകയാണ്‌ സോഷ്യല്‍ മീഡിയ.
2015 ജൂലൈ 27ന് പഞ്ചാബിലെ ഗുര്‍ദാസ്പൂരിലെ ദിനഗറില്‍ നടന്ന ഭീകരാക്രമണത്തില്‍ പൊലീസ് സൂപ്രണ്ട് ബല്‍ജിത് സിങ് അടക്കം 10 പേരാണ് കൊല്ലപ്പെട്ടത്. തൊട്ടുപിന്നാലെ ഓഗസ്റ്റ് അഞ്ചിന് ബിഎസ്എഫ് വാഹനവ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തില്‍ രണ്ട് ബിഎസ്എഫ് സൈനികര്‍ കൊല്ലപ്പെട്ടു.


ഈ വര്‍ഷം ജനുവരി 2 ന് പഞ്ചാബിലെ പത്താന്‍കോട്ടില്‍ വ്യോമസേനാ കേന്ദ്രത്തിനു നേരെ നടന്ന ഭീകരാക്രമണത്തില്‍ ഏഴു വ്യോമസേന ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. പഞ്ചാബിലെ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് നിര്‍ദേശം നല്‍കിയിരുന്നു. പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ആക്രമണം നടന്ന് ആറുമാസങ്ങള്‍ പിന്നിട്ടപ്പോഴാണ് വ്യോമസേന കേന്ദ്രത്തിലെ ആക്രമണം. ഗുര്‍ദാസ്പൂര്‍ ആക്രമണത്തില്‍ മൂന്നു പ്രദേശവാസികള്‍ കൊല്ലപ്പെട്ടിരുന്നു. ജൂണില്‍ കശ്മീരിലെ പാംപോറില്‍ സി.ആര്‍.പി.എഫ് വ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തില്‍ എട്ട് ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടമായി.

ഈ ആക്രമണങ്ങള്‍ രാജ്യരക്ഷാ ഉറപ്പുവരുത്തുന്നതിലുള്ള നരേന്ദ്ര മോഡി സർക്കാരിന്റെ പിടിപ്പുകേട്‌ വിളിച്ചറിയിക്കുന്നതാണ്. ഭീകരാക്രമണത്തിന് കാരണമായത് രാജ്യത്തിന്‍റെ സുരക്ഷ വീഴ്ച എന്നാണ് സൂചന. നിയന്ത്രണരേഖയ്ക്ക് സമീപവും സൈനിക ആസ്ഥാനത്തും കമ്പിവേലികള്‍ മുറിച്ചുമാറ്റിയ നിലയില്‍ കണ്ടെത്തി.നിയന്ത്രണ രേഖയുടെ സുരക്ഷ ചുമതല വഹിചിരുന്നവരുടെ അനാസ്ഥയാണ് ആക്രമണത്തിന് കാരണമായതെന്ന് വിലയിരുത്തപെടുന്നു.