കെ ബാബുവിന്റെയും ഭാര്യയുടെയും ബാങ്ക് ലോക്കറുകള്‍ റെയിഡിനു മുമ്പ് കാലിയായി;ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ വിജിലൻസ് കണ്ടെത്തി.

single-img
19 September 2016

k-babu3കൊച്ചി.കെ ബാബുവിന്റെയും ഭാര്യയുടെയും പേരിലുള്ള ബാങ്ക് ലോക്കറുകള്‍ വിജിലന്‍സ് പരിശോധനയ്ക്ക് മുമ്പ് കാലിയാക്കിയെന്ന ആരോപണത്തില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ബാങ്കിലെ സി.സി.ടി.വി ദ്രിശ്യങ്ങള്‍ കണ്ടെത്തി.ബാബുവിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതിന് ഒരു മാസം മുമ്പ് ബാബുവിന്റെ ഭാര്യ ലോക്കര്‍ തുറന്ന് സാധനങ്ങള്‍ മാറ്റുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ നിന്ന് വിജിലന്‍സ് കണ്ടെത്തിയത്.തൃപ്പൂണിത്തുറയിലെ എസ്ബിടി ശാഖയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് വിജിലന്‍സ് ഇക്കാര്യം മനസിലാക്കിയത്.

അനധികൃത സ്വത്തു സമ്പാദന കേസില്‍ ബാബുവിനെതിരായ അന്വേഷണം നടന്നു വരികയാണ്. ഈ സാഹചര്യത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി ബാങ്കുകളില്‍ നിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ വിജിലന്‍സ് ആവശ്യപെട്ടിരുന്നു.

കെ.ബാബുവിന്റെ മകളുടെ ബാങ്ക് ലോക്കര്‍ വിജിലന്‍സ് നേരത്തെ പരിശോധിച്ചിരുന്നു . വെണ്ണലയിലെ പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയിലെ ലോക്കറില്‍ നടത്തിയ പരിശോധനയില്‍ 117 പവന്‍ സ്വര്‍ണ്ണവും ഇളയ മകള്‍ ഐശ്വര്യയുടെ പേരിലുള്ള ബാങ്ക് ലോക്കറില്‍ വിജിലന്‍സ് സംഘം നടത്തിയ പരിശോധനയില്‍ ഏകദേശം 120 പവന്‍ സ്വര്‍ണ്ണവും കണ്ടെടുത്തിരുന്നു.
എന്നാല്‍ സ്വര്‍ണാഭരണങ്ങള്‍ തന്റെ കുടുംബസ്വത്താണെന്ന് ഐശ്വര്യയുടെ ഭര്‍ത്താവ് അന്വേഷണസംഘത്തോട് വിശദീകരണം നല്‍കിയിരുന്നു.

കേസുമായി ബന്ധപെട്ടു ബാബുവിനെ വിജിലന്‍സ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ബാബുവിന്റെ പിഎയുടെ സ്വകാര്യ പണമിടപാടുകളെക്കുറിച്ചും വിജിലന്‍സ് വിശദമായി അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ബാബുവിന്റെയും ഭാര്യയുടേയും രണ്ട് മക്കളുടേയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ നേരത്തെ തന്നെ മറവിപ്പിച്ചിരുന്നു.

തൃപ്പൂണിത്തുറ എസ്.ബി.ടി, എസ്.ബി.ഐ ബ്രാഞ്ചുകളില്‍ ബാബുവിന്റെയും ഭാര്യയുടെയും പേരിലുള്ള ലോക്കറുകള്‍ ആഗസ്ത് മാസം കാലിയാക്കിയെന്നാണ് കരുതുന്നത്.വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി ഒരു മാസത്തിനു ശേഷമാണ് ബാബുവിന്റെയും ബന്ധുക്കളുടെയും ലോക്കറുകള്‍ വിജിലന്‍സ് പരിശോധിച്ചത്.

ലോക്കറുകള്‍ കാലിയായത് പരിശോധിക്കാന്‍ വേണ്ടിയാണ് വിജിലന്‍സ് ബാങ്ക് അധികൃതരോട് സി.സി.ടി.വി ദൃശ്യങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടത്. തൃപ്പൂണിത്തുറയിലെ എസ്ബിടി ശാഖയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ആണ് ബാബുവിന്റെ ഭാര്യ ലോക്കര്‍ തുറന്ന് സാധനങ്ങള്‍ മാറ്റുന്നത് കണ്ടത്.