ഉറി ഭീകരാക്രമണത്തിലേക്ക് നയിച്ചത് സുരക്ഷാ വീഴ്ച;മൂന്ന് സൈനികര്‍ കൂടി മരിച്ചെന്ന പ്രസ്താവന പ്രതിരോധ സഹമന്ത്രി തിരുത്തി

single-img
19 September 2016

uriencounter

ന്യൂ ഡല്‍ഹി : വടക്കന്‍ കാശ്മീരിലെ ഉറി സെക്ടറില്‍ സൈനികതാവളത്തിനു നേരേയുണ്ടായ ഭീകരാക്രമണത്തില്‍ പരിക്കേറ്റ മൂന്ന് സൈനികര്‍ കൂടി മരിച്ചെന്ന പ്രസ്താവന പ്രതിരോധ സഹമന്ത്രി സുഭാഷ് ബമ്‌റേ
തിരുത്തി. കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 20 ആയെന്ന് അദ്ദേഹം മാധ്യമങ്ങള്‍ക്ക്‌ നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഇന്നലെ പുലര്‍ച്ചേ 5:30 നാണ് അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കില്‍ ആക്രമണം ഉണ്ടായത്.ആയുധമില്ലാത്ത സൈനികരെയും മെഡിക്കല്‍ എയ്ഡും ആക്രമിക്കാനായിരുന്നു ഭീകരര്‍ ലക്ഷ്യമിട്ടത്. ഭീകരരില്‍ നിന്നും കണ്ടെടുത്ത മാപ്പ് ആണ് ഈ കാര്യം വ്യക്തമാക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.

ഭീകരാക്രമണത്തിന് കാരണമായത് രാജ്യത്തിന്‍റെ സുരക്ഷ വീഴ്ച എന്നാണ് സൂചന. നിയന്ത്രണരേഖയ്ക്ക് സമീപവും സൈനിക ആസ്ഥാനത്തും കമ്പിവേലികള്‍ മുറിച്ചുമാറ്റിയ നിലയില്‍ കണ്ടെത്തി.നിയന്ത്രണ രേഖയുടെ സുരക്ഷ ചുമതല വഹിച്ചിരുന്നവരുടെ അനാസ്ഥയാണ് ആക്രമണത്തിന് കാരണമായതെന്ന് വിലയിരുത്തപെടുന്നു.

ആക്രമണം നടത്തിയ തീവ്രവാധികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ആക്രമണം നടത്തിയത് പാകിസ്താന്റെ പിന്തുണയോട് തന്നെയെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പാക് നിര്‍മിത ആയുധങ്ങളാണ് തീവ്രവാദികള്‍ ഉപയോഗിച്ചിട്ടുള്ളത്. പാക് നിര്‍മ്മിത വസ്തുക്കളാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. നാല് എകെ 47 തോക്കുകളും ഗ്രനേഡ് ലോഞ്ചറുകളും ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. യുദ്ധ സന്നാഹത്തോടെ തന്നെയാണ് ഭീകരര്‍ ഇന്ത്യയില്‍ എത്തിയത്. പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങളില്‍ നിന്ന് പരിശീലനം നേടിയ ഇരുന്നൂറിലധികം ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ കാത്തിരിക്കുന്നതെന്നാണ് സൈന്യത്തിന്‍റെ നിഗമനം.

ഈ സാഹചര്യത്തില്‍ പാകിസ്ഥാനെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ. ഇനി സംയമനം പാലിക്കേണ്ടെന്നും പ്രത്യാക്രമണം നടത്തണമെന്നും മന്ത്രിമാരും ബിജെപി ദേശീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുന്നത്.

എനാല്‍ ഇന്ത്യയുടെ ആരോപണങ്ങള്‍ പാക്കിസ്ഥാന്‍ തളളി. പാക്കിസ്ഥാനെതിരെ ഇന്ത്യ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും നിലനില്‍ക്കുന്നതല്ലെന്നുമാമാണ് വിശദീകരണം.
അതേസമയം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ അല്‍പസമയത്തിനകം ഉന്നതതലയോഗം ചേരും. ഉന്നതസൈനിക ഉദ്യോഗസ്ഥര്‍, ഇന്റലിജന്‍സ് വിഭാദം മേധാവി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

ആക്രമണത്തില്‍ അമേരിക്കയും ബ്രിട്ടനും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും അപലപിച്ചു.