കശ്മീരില്‍ കരസേന ബ്രിഗേഡ് ആസ്ഥാനത്ത് ഭീകരാക്രമണം;17 ജവാന്മാര്‍ കൊല്ലപ്പെട്ടു;കനത്ത ഏറ്റുമുട്ടല്‍ തുടരുന്നു

single-img
18 September 2016

 

kasmir-1ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉറിയില്‍ സൈനിക ബ്രിഗേഡ് ആസ്ഥാനത്തിനുനേരെ ഭീകരാക്രമണം. അതിര്‍ത്തിയിലെ നിയന്ത്രണരേഖയ്ക്കടുത്തുള്ള ആസ്ഥാനത്തിനു നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. 17 ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ഒരാളുടെ നില ഗുരുതരമാണ്. പത്തു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഹെലികോപ്ടറില്‍ ശ്രീനഗറിലെ ആര്‍മി ആസ്പത്രിയിലേക്ക് മാറ്റി. അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറിയാണ് ഭീകരര്‍ ക്യാമ്പിലേക്ക് പ്രവേശിച്ചതെന്നാണ് സൂചനകള്‍. സംഘത്തില്‍ എത്രപേര്‍ ഉണ്ടെന്ന് വ്യക്തമല്ല. ഭീകരാക്രമണത്തിന് പിന്നില്‍ ഫിയാദിന്‍ എന്ന ഭീകരസംഘടനയാണെന്ന് സംശയിക്കുന്നത്.

 

നിയന്ത്രണരേഖയ്ക്ക് സമീപം ശ്രീനഗര്‍-മുസഫറാബാദ് ഹൈവേയ്ക്ക് സമീപമാണ് ഉറിയിലെ 12-ാം ബ്രിഗേഡ് ആസ്ഥാനം. ഹെഡ്ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ നിന്ന് സ്‌ഫോടനങ്ങളും രൂക്ഷമായ വെടിവെപ്പുകളും കേട്ടുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നാലു ഭീകരര്‍ ക്യാമ്പിനുള്ളില്‍ കടന്നതായാണ് സംശയിക്കുന്നത്. ബ്രിഗേഡ് ആസ്ഥാനത്തിനുള്ളില്‍ സൈന്യവും ഭീകരരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണ്.