ജിഷ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; പ്രതി അമീര്‍ മാത്രം;കുളിക്കടവിലെ തര്‍ക്കം കെട്ടുകഥയെന്ന് എസ്പി

single-img
18 September 2016

jishaപെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷ (32) കൊല്ലപ്പെട്ട കേസില്‍ അന്വേഷണ സംഘം വിചാരണ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്നലെ രാവിലെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അസം സ്വദേശി അമീര്‍ മാത്രമാണ് പ്രതിസ്ഥാനത്തുള്ളത്. കൊലപാതകം, മാനഭംഗം, ദലിത് പീഡനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 1500 പേജുകളുള്ള കുറ്റപത്രത്തില്‍ 125 രേഖകള്‍, 195 സാക്ഷി മൊഴികള്‍, 75 ഓളം തൊണ്ടി മുതലുകള്‍, നാലു ഡിഎന്‍എ പരിശോധനാ ഫലങ്ങള്‍ എന്നിവയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഐപിസി 449,342,376,376(എ),302,201വകുപ്പുകള്‍ പ്രകാരവും പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമത്തിലെ സെക്ഷന്‍ 3(1) (ഡബ്ല്യൂ- 1,2), സെക്ഷന്‍ 3 (1 എ), 3 (2-5) എന്നീ വകുപ്പുകള്‍ പ്രകാരവുമുള്ള കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.

അമീറിനെ ജിഷയുടെ വീട്ടില്‍ കണ്ടെന്ന അയല്‍വാസിയുടെ മൊഴിയും കൊലക്ക് ശേഷം അമീര്‍ സുഹൃത്തുമായി സംസാരിച്ചതും പ്രതി രക്ഷപെടാനുപയോഗിച്ച ട്രെയിന്‍ ടിക്കറ്റും തെളിവായി നല്‍കിയിട്ടുണ്ട്.വളര്‍ത്തുമൃഗങ്ങളെ ലൈംഗികമായി പീഡിപ്പിച്ചതിന് പ്രതിക്കെതിരെ കുറുപ്പംപടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം തയ്യറായിട്ടുണ്ട്.

കഴിഞ്ഞ ഏപ്രില്‍ 28ന് പെരുമ്പാവൂര്‍ കുറുംപ്പംപടി വട്ടോളിപ്പടിയിലെ കനാല്‍ ബണ്ടിനോടു ചേര്‍ന്ന അടച്ചുറപ്പില്ലാത്ത വീട്ടില്‍ വച്ചാണു ജിഷ കൊല്ലപ്പെട്ടത്. ഡല്‍ഹിയില്‍ നിര്‍ഭയയുടേതിനു സമാനമായി മാനഭംഗത്തിനുശേഷം ജനനേന്ദ്രിയത്തില്‍ മാരകമായി മുറിവേല്‍പ്പിച്ചായിരുന്നു ക്രൂരമായ കൊലപാതകം. പൊലീസിനെയും രാഷ്ട്രീയ നേതൃത്വത്തിനെയും വിവാദച്ചുഴിയില്‍ നിര്‍ത്തിയ സംഭവങ്ങള്‍ക്കൊടുവിലാണ് അസം സ്വദേശിയായ പ്രതി അമീറുല്‍ ഇസ്‌ലാം പിടിയിലായത്. കുറുപ്പംപടി പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.