മുന്‍ മന്ത്രി കെ ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം ശക്തമാക്കുന്നു;അന്വേഷണ സംഘം വിപുലീകരിച്ചു.

single-img
12 September 2016

k-babu3
കൊച്ചി: വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി അന്വേഷണ സംഘം വിപുലീകരിച്ചു. രണ്ട് ഡിവൈഎസ്പി മാര്‍ മൂന്ന് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍മാര്‍ എന്നിവരെക്കൂടി ഉള്‍പ്പെടുത്തി അഞ്ച് ടൂമുകളായി തിരിച്ചാണ് അന്വേഷണം. എറണാകുളം വിജിലന്‍സ് സെല്‍ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി വേണുഗോപാലനും പുതിയ സംഘത്തിലുണ്ട്. രേഖകളുടെ പരിശോധനയ്ക്ക് കൂടുതല്‍പേരുടെ സേവനം ആവശ്യമായി വരുമെന്നതിനാലാണ് കൂടുതല്‍പേരെ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
ഇതുവരെ നടത്തിയ പരിശോധനയില്‍ കെ ബാബുവിന്റെ വീട്ടില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ച് വരികയാണ്. ബാബു മന്ത്രിയായിരുന്ന സമയത്ത് വഹിച്ചിരുന്ന മറ്റ് വകുപ്പകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ബാബു നടത്തിയ വിദേശ യാത്രകളും പരിശോധിക്കുന്നുണ്ട്. 240ഓളം രേഖകളാണ് ബാബുവിനെതിരായി വിജിലന്‍സ് ശേഖരിച്ചിട്ടുള്ളത്.

തമിഴ് നാട്ടിലുള്ള ബാബുവിന്റെ ബിനാമി ഇടപാടുകള്‍ സംബന്ധിച്ചും സ്വത്ത് വകകള്‍ സംബന്ധിച്ചും വിജിലന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ സ്വത്തുക്കളുടെ വിവരങ്ങള്‍ ആരാഞ്ഞ് വിജിലന്‍സ് കടമലൈ കുണ്ട് സബ്രജിസ്ട്രാര്‍ക്ക് നോട്ടീസ് നല്‍കി.

അന്വേഷണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്.