അമേരിക്കയെ നടുക്കിയ വേൾഡ്ട്രേഡ് സെന്റർ ആക്രമണത്തിനിന്ന് 15 വയസ്;ജീവൻപൊലിഞ്ഞവരെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

single-img
11 September 2016

september-11

അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ അല്‍ ഖ്വയ്ദ ഭീകരര്‍ തകര്‍ത്തതിന്റെ 15ാം വാര്‍ഷികമാണിന്ന്. 3000ലേറെപ്പേരാണ് ഭീകരാക്രമണത്തില്‍ മരിച്ചത്. വേൾഡ് ട്രേഡ് സെന്ററിലേക്കും പെന്റഗണിലേക്കും വിമാനങ്ങൾ ഇടിച്ചുകയറ്റിയാണ് അൽ–ഖ്വയ്ദ ഭീകരർ ആക്രമണങ്ങൾ നടത്തിയത്. നാല് ദീർഘദൂര യാത്രാവിമാനങ്ങളാണ് ഭീകരർ ആക്രമണത്തിനുപയോഗിച്ചത്്. ആദ്യ വിമാനം ട്രേഡ് സെന്ററിന്റെ ഒന്നാമത്തെ ടവറിലേക്ക് ഇടിച്ചിറങ്ങിയത് രാവിലെ 8.46ന്, പിന്നാലെ രണ്ടാമത്തെ വിമാനം ഇരട്ടഗോപുരങ്ങളിൽ രണ്ടാമത്തേതിലേക്ക് വന്നിടിച്ച് പൊട്ടിത്തെറിച്ചു. അപ്പോൾ സമയം 9.03. 9.37ന് മൂന്നാമത്തെ വിമാനം പെന്റഗണിലേക്ക് ഇടിച്ചിറങ്ങി. നാലാമത്തെ വിമാനം യാത്രക്കാരുമായി പെൻസിൽവാനിയക്ക് സമീപം തകർന്നു വീഴുകയായിരുന്നു.

20 ലേറെ ഭീകരരാണ് ആക്രമണത്തിനു നേതൃത്വം നൽകിയത്. നാലുവിമാനങ്ങളിൽ ഉണ്ടായിരുന്നവരിൽ ആരും രക്ഷപ്പെട്ടില്ല. ജീവൻ രക്ഷിക്കാനായി കെട്ടിടങ്ങളിൽ നിന്നു ചാടിയപ്പോഴാണ് 200ലേറെപ്പേർക്ക് ജീവൻ നഷ്ടപ്പെട്ടത്. 411 രക്ഷാപ്രവർത്തകരും സംഭവത്തിൽ മരിച്ചു. ഇരട്ടഗോപുരങ്ങൾ തകർന്നടിഞ്ഞ ഗ്രൗണ്ട് സീറോ ഇപ്പോൾ ആക്രമണത്തിൽ മരിച്ചവരുടെ ഓർമ്മകൾ പേറുന്ന മ്യൂസിയമാണ്.

വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ 15–ാം വാർഷികത്തിൽ ജീവൻപൊലിഞ്ഞവരെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ ട്വിറ്റർ പേജിലൂടെയാണ് മോദി അനുസ്മരണം രേഖപ്പെടുത്തിയത്. ഈ ദിവസത്തെക്കുറിച്ചോർക്കുമ്പോൾ രണ്ടു ഭീകരചിത്രങ്ങളാണ് മനസിലേക്കു കടന്നു വരുന്നതെന്നു പറഞ്ഞ മോദി അകാലത്തിൽ ജീവൻപൊലിഞ്ഞവർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നുവെന്നും പറഞ്ഞു.