ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് അക്രമിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടിയത് രസകരമായ സംഭവമാണെന്ന് ഇ.പി ജയരാജൻ

single-img
8 September 2016

z_p24-kerala-1
തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് അക്രമിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടിയതിനെ പരിഹസിച്ച് മന്ത്രി ഇപി ജയരാജന്‍ രംഗത്ത്. ഈ വര്‍ഷത്തെ ഏറ്റവും രസകരമായ സംഭവമാണ് ഇതെന്ന് ഇപി ജയരാജന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ എടുത്തുചാടിയാണ് വിശദീകരണം ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ വിശദീകരണം തേടിയതിന് കേന്ദ്രസര്‍ക്കാര്‍ പിന്നീട് ജനങ്ങളോട് മാപ്പുപറയേണ്ടിവരുമെന്നും ഇപി ജയരാജന്‍ കൂട്ടിച്ചേർത്തു.

ബി.ജെ.പി സംസ്ഥാനകമ്മിറ്റി ഓഫീസ് അക്രമിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനസര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഈ വിഷയത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ ബന്ധപ്പെട്ടു. അക്രമസംഭവങ്ങള്‍ സംസ്ഥാനത്ത് തുടരാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ബി.ജെ.പി എം.പിമാരുടെ സംഘം കേരളം സന്ദര്‍ശിക്കും.

കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസ് അക്രമിച്ച സംഭവത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന നേതൃത്വം കേന്ദ്രസര്‍ക്കാരിന് കത്ത് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രം വിശദീകരണം തേടിയത്.