ആസിയാന്‍ ഉച്ചകോടി:തീവ്രവാദവും കലാപങ്ങളുമാണു ആസിയാന്‍ നേരിടുന്ന പ്രധാനവെല്ലുവിളിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

single-img
8 September 2016

obamamodiparty_b_eightsep

വിയറ്റിയാന്‍: ആസിയാന്‍ രാജ്യങ്ങളുടെ ദ്വിദിന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ലാവോസ്‌ തലസ്‌ഥാനമായ വിയറ്റിയാനിലെത്തി. ആസിയാന്‍-ഇന്ത്യ, കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ ഉച്ചകോടി എന്നിവയാണു ലാവോസില്‍ നടക്കുന്നത്‌.

അതിര്‍ത്തി കടന്നുള്ള തീവ്രവാദവും മതമൗലികവാദ പ്രവര്‍ത്തനങ്ങളും അതിരുവിട്ട കലാപങ്ങളുമാണ് ആസിയാന്‍ രാജ്യങ്ങള്‍ നേരിടുന്ന പ്രധാനവെല്ലുവിളിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.ലാവോസില്‍ നടക്കുന്ന 14-ാമത് ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മേഖലയില്‍ വര്‍ധിച്ചു വരുന്ന വിധ്വംസകപ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചത്.

ഇന്ത്യയുടെ കിഴക്ക് ദര്‍ശന നയത്തിന്റെ അച്ചുതണ്ടായി വര്‍ത്തിക്കുന്നത് ആസിയാനാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ആസിയാന്‍-ഇന്ത്യ സഹകരണ ഉടമ്പടി (2016-2020) പ്രകാരമുള്ള പദ്ധതികള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും ഇതിനോടകം 54 പദ്ധതികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞെന്നും വ്യക്തമാക്കി.

വിയറ്റിയാനിലെത്തിയ ആസിയാന്‍, കിഴക്കന്‍ ഏഷ്യന്‍ രാഷ്‌ട്രത്തലവന്‍മാര്‍ക്ക്‌ ലാവോസ്‌ സര്‍ക്കാര്‍ ഇന്നലെ രാത്രി വിരുന്നൊരുക്കിയിരുന്നു. വിരുന്നിനിടെ മോഡി ലാവോസ്‌ പ്രധാനമന്ത്രി തോങ്‌ലൂണ്‍ സിസോലിതുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി. ഇന്ത്യ 21 അംഗ അപെക്‌സില്‍ (ഏഷ്യ-പസഫിക്‌ എക്കണോമിക്‌ കോപറേഷന്‍) അംഗത്വം നേടാനുള്ള പരിശ്രമത്തിലാണ്‌. മൂന്നാം തവണയാണു മോഡി ആസിയാന്‍, കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ ഉച്ചകോടികളില്‍ പങ്കെടുക്കുന്നത്‌.