ജനത്തെപ്പിഴിയാനുറച്ച് ഇന്ത്യൻ റെയിൽവേയും;തിരക്കിനനുസരിച്ച് നിരക്ക് കൂടുന്ന രീതി ട്രെയിനുകളില്‍ നാളെ മുതല്‍

single-img
8 September 2016

06rajdhaniയാത്രക്കാരുടെ തിരക്ക് കൂടുന്നതിനനുസരിച്ച് നിരക്കു കൂട്ടുന്ന വിമാനക്കമ്പനികളുടെ ചൂഷണ രീതി ട്രെയിനുകളിലേക്ക്. ബുക്കിങ് വര്‍ധിക്കുന്നതിനൊത്ത് കൂടിയ ടിക്കറ്റ് ചാര്‍ജ് ഈടാക്കുന്ന ‘ഫ്ളക്സി ഫെയര്‍’ സമ്പ്രദായം രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളില്‍ വെള്ളിയാഴ്ച മുതല്‍ നടപ്പാക്കാന്‍ റെയില്‍വേ തീരുമാനിച്ചു. ഇതുവഴി ട്രെയിന്‍ ചാര്‍ജ് ഒന്നര ഇരട്ടി വരെ വര്‍ധിക്കും.

ട്രെയിനുകളിലെ ഓരോ പത്ത് ശതമാനം സീറ്റുകളിലേക്കുമുള്ള ടിക്കറ്റുകള്‍ വിറ്റുകഴിയുമ്പോള്‍ ടിക്കറ്റ് നിരക്ക് പത്ത് ശതമാനം ഉയര്‍ത്താനാണ് തീരുമാനം. ഇതിന് ഉയര്‍ന്ന നിരക്കിന്റെ പരിധിയും നിര്‍ണ്ണയിക്കും. ഒന്നാം ക്ലാസ് എ.സി, എക്സിക്യൂട്ടീവ് എ.സി കോച്ചുകളിലെ ടിക്കറ്റ് നിരക്കുകളില്‍ മാറ്റമുണ്ടാകില്ല. റിസര്‍വേൽന്‍ ചാര്‍ജ്, സൂപ്പര്‍ഫാസ്റ്റ് ചാര്‍ജ്, കാറ്ററിങ് ചാര്‍ജ്ജ്, സര്‍വ്വീസ് ചാര്‍ജ് എന്നിവ ഉയര്‍ന്ന ടിക്കറ്റിന് പുറമെ ഈടാക്കും. ചാര്‍ട്ടിങ് പൂര്‍ത്തിയായ ശേഷം ഒഴിവുവരുന്ന ടിക്കറ്റുകള്‍ കറണ്ട് റിസര്‍വേഷന്‍ മുഖേനെ വിതരണം ചെയ്യും.

ആകെയുള്ള സീറ്റിന്‍െറ ആദ്യത്തെ 10 ശതമാനത്തില്‍ മാത്രമാണ് ഈ ട്രെയിനുകളില്‍ ഇപ്പോഴത്തെ നിരക്കില്‍ ടിക്കറ്റു ബുക്കു ചെയ്യാന്‍ സാധിക്കുക. 10 ശതമാനം സീറ്റുകള്‍ ബുക്കു ചെയ്തു കഴിഞ്ഞാല്‍ ടിക്കറ്റ് ചാര്‍ജ് 10 ശതമാനം വര്‍ധിക്കും.

വെള്ളിയാഴ്ച മുതല്‍ പുതിയ നിരക്ക് നിലവില്‍ വരുമെങ്കിലും അതുവരെ എടുക്കുന്ന ടിക്കറ്റുകള്‍ വെള്ളിയാഴ്ചക്ക് ശേഷം യാത്ര ചെയ്യാനുള്ളതാണെങ്കിലും ഇപ്പോഴുള്ള നിരക്ക് മാത്രമേ ഈടാക്കുകയുള്ളൂ. ഇവരില്‍ നിന്ന് പിന്നീട് അധിക തുക ഈടാക്കില്ലെന്നും റെയില്‍വെ അറിയിച്ചിട്ടുണ്ട്.