ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് പ്രവര്‍ത്തനം തടഞ്ഞുള്ള ഉത്തരവിന്‌ അംഗീകാരം;ആരാധനാലയങ്ങളുടെ മതില്‍ക്കെട്ടിനുള്ളില്‍ ആയുധ -കായിക പരിശീലനങ്ങള്‍ നിരോധിക്കുന്നതാണ്‌ ഉത്തരവ്‌.

single-img
8 September 2016

rss_0തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന്‌ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ശാഖാ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള ഉത്തരവിന്‌ നിയമവകുപ്പിന്റെ അംഗീകാരം. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ടതിനുശേഷമാകും ഉത്തരവ്‌ പുറത്തിറങ്ങുക. ആരാധനാലയങ്ങളുടെ മതില്‍ക്കെട്ടിനുള്ളില്‍ ആയുധ -കായിക പരിശീലനങ്ങള്‍ നിരോധിക്കുന്നതാണ്‌ ഉത്തരവ്‌. കേരള പോലീസ്‌ ആക്‌ട്‌ 73 അനുസരിച്ചുള്ള നിര്‍ദ്ദേശ പ്രകാരമാണ്‌ ദേവസ്വം വകുപ്പ്‌ ഉത്തരവ്‌ തയാറാക്കിയത്‌. ദേവസ്വം സെക്രട്ടറിയുടെ ഉത്തരവിനെക്കുറിച്ച്‌ നിയമ സെക്രട്ടറിയുടെ ഉപദേശം തേടണമെന്ന്‌ നിര്‍ദ്ദേശിച്ചിരുന്നു.
ക്ഷേത്ര പരിസരങ്ങളിലെ ആര്‍.എസ്.എസ് ശാഖാ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നയം വ്യക്തമാക്കിയിരുന്നു . ആയുധ കായിക പരിശീലനം നിരോധിക്കണമെന്ന ദേവസ്വം വകുപ്പിന്റെ നിര്‍ദേശം നിയമ വകുപ്പ് അംഗീകരിച്ചതോടെയാണ് ഉത്തരവിറങ്ങാന്‍ കളമൊരുങ്ങിയത്. ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടിയുടേയോ പ്രസ്ഥാനത്തിന്റെയോ പേരു പറയാതെയാണ് ഉത്തരവിറങ്ങുന്നത്. ആര്‍.എസ്.എസ് ശാഖകള്‍ക്കെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പരസ്യ നിലപാട് സ്വീകരിച്ചിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ നീക്കത്തിനെതിരെ ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വം രംഗത്തെത്തി. ആര്‍.എസ്.എസിനെ കുറ്റം പറയുന്ന മന്ത്രിമാരും സി.പി.ഐ.എം നേതാക്കളും ഏത് ക്ഷേത്രത്തിലാണ് ആയുധ പരിശീലനം നടക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടു.