മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെ ആക്രമണങ്ങള്‍ അരങ്ങേറുന്നതെന്ന് കുമ്മനം;ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ച സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

single-img
7 September 2016

തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ നടന്ന അക്രമം ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയെന്ന് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ.
മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെ ആക്രമണങ്ങള്‍ അരങ്ങേറുന്നത്. നൂറ് ദിവസം കൊണ്ട് ഒന്നും ചെയ്യാത്ത ഇടതു സര്‍ക്കാര്‍ പരാജയത്തിന്റെ ജാള്യത മറയ്ക്കാന്‍ സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചു വിടുകയാണ്. സ്വതന്ത്രമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ മറ്റാരെയും തങ്ങളള്‍ അനുവദിയ്ക്കില്ല എന്ന സിപിഎമ്മിന്‍റെ തുറന്ന പ്രഖ്യാപനമാണ് ഇത്. ഇതിനെതിരെ ജനാധിപത്യ വിശ്വാസികള്‍ അണിനിരക്കണം. അക്രമത്തിലൂടെ ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും ഇല്ലാതാക്കാമെന്ന് സിപിഎം കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് പാർട്ടിക്കു നേരെ ബിജെപി ഉയർത്തുന്ന ആരോപണം ദുരുദ്ദേശപരമാണെന്നു സി.പി.എം തിരുവനന്തപുരം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. പാര്‍ട്ടിയ്ക്ക് ഇതുമായ് യാതൊരു ബന്ധവുമില്ല. ഉന്നത പോലീസുദ്യോഗസ്‌ഥരുടെ നേതൃത്വത്തിൽ സംഭവം അന്വേഷിക്കണമെന്നും സംഭവവുമായി ബന്ധപ്പെട്ട സാമൂഹ്യവിരുദ്ധരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനിടെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ അക്രമം നടത്തിയയാളുടെ ദൃശ്യം പുറത്തു വന്നു. അക്രമി ബൈക്കില്‍ കടന്നു പോകുന്ന ദൃശ്യമാണ് പൊലീസിന് ലഭിച്ചത്. ബിജെപി ഓഫീസിനടുത്തായുള്ള വീടിന്റെ സി.സി.ടി.വി ക്യാമയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്.