ഇന്ത്യയെ ‘ഹിന്ദു പാകിസ്താന്‍’ ആക്കി തരംതാഴ്ത്താൻ ബിജെപി ശ്രമമെന്ന് ശശി തരൂര്‍;രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഇന്ത്യന്‍ ചരിത്രത്തെ അപഹരിക്കാൻ ശ്രമം

single-img
7 September 2016

30IN_SHASHI_THAROO_1252687f
ഇന്ത്യയെ ‘ഹിന്ദു പാകിസ്താന്‍’ ആക്കി തരംതാഴ്ത്താനുള്ള ബിജെപി നീക്കം കോണ്‍ഗ്രസ് അനുവദിക്കില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍.ഇന്ത്യന്‍ സ്വാതന്ത്ര്യസമര നേതാക്കളെ തങ്ങളുടെ ആവശ്യാനുസരണം ബിജെപി ഉപയോഗിക്കുകയാണെന്നും തരൂർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലുമായി അവര്‍ ഉപമിച്ചു. ചരിത്രത്തെ ക്യത്യമായി മനസ്സിലാക്കാത്തതുകൊണ്ടാണിത്. 2002ല്‍ ഗോധ്ര കലാപമുണ്ടായപ്പോള്‍ നടപടി സ്വീകരിക്കാന്‍ മോദിക്കു മൂന്നോ നാലോ ദിവസം വേണ്ടിവന്നു. എന്നാല്‍ 1947ല്‍ കലാപമുണ്ടായപ്പോള്‍ രാജ്യതലസ്ഥാനത്തെ മുസ്‌ലിംകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ പട്ടേലിനു ഒട്ടും താമസമുണ്ടായില്ല.

പട്ടേല്‍ സ്വമേധയാ നിസാമുദ്ദീന്‍ ദര്‍ഗയില്‍ പോയി മുസ്‌ലിം സമുദായത്തിനുവേണ്ടി പ്രാര്‍ഥിച്ചു. മുസ്‌ലിംകളുടെ സംരക്ഷണത്തിനുവേണ്ടി മോദി ദര്‍ഗയില്‍ പോകുന്നതു ചിന്തിക്കാനാകുമോയെന്നും ശശി തരൂര്‍ ചോദിച്ചു.

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഇന്ത്യന്‍ ചരിത്രത്തെ അപഹരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. സ്വാതന്ത്ര്യസമരത്തില്‍ നിന്ന് വിട്ടുനിന്നവരാണവര്‍. ചില സമയത്ത് ബ്രിട്ടിഷ് ഭരണാധികാരികള്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ചു. തങ്ങള്‍ തെറ്റായ പക്ഷത്താണ് നില്‍ക്കുന്നതെന്ന് അംഗീകരിക്കാന്‍ അന്നവര്‍ തയാറായിരുന്നില്ല. ഇന്നവര്‍ ഇന്ത്യയുടെ യഥാര്‍ഥ രാജ്യസ്‌നേഹികളാണെന്നു പറയുന്നു. അവരെയാണോ നാം വിശ്വസിക്കേണ്ടതെന്നും തരൂര്‍ ചോദിച്ചു.