വിജിലൻസ് ബാബുവിന്റെ പിന്നാലെ:ബാബുവിന്റെ ഇളയ മകളുടെ ബാങ്ക് ലോക്കര്‍ ഇന്ന് തുറക്കും,ബെന്നി ബഹനാന്റെ ഇടപാടുകളും വിജിലൻസ് പരിശോധിക്കുന്നു.

single-img
7 September 2016

14287618_594871904054849_1415401389_nഅനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ എക്‌സൈസ് മന്ത്രി ബാബുവിന്റെ ഇളയ മകള്‍ ഐശ്വര്യയുടെ യൂണിയന്‍ ബാങ്ക് ലോക്കര്‍ വിജിലന്‍സ് ഇന്ന് തുറന്നു പരിശോധിക്കും. തൃപ്പുണിത്തുറയിലെ ബാങ്കിലുള്ള ഐശ്വര്യയുടെ ലോക്കറാണ് തുറക്കുന്നത്. ഐശ്വര്യയുടെ പാലാരിവട്ടത്തെ ബാങ്ക് ബ്രാഞ്ചിലെ ലോക്കര്‍ തുറന്നു നടത്തിയ പരിശോധനയില്‍ 117 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയിരുന്നു.ഇതിന് പിന്നാലെയാണ് രണ്ടാമത്തെ ബാങ്ക് ലോക്കറും പരിശോധിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് കെ ബാബുവിനെ ഇതുവരെ വിജിലന്‍സ് സംഘം വിശദമായി ചോദ്യം ചെയ്തിട്ടില്ല. രണ്ട് ദിവസത്തിനകം കെ ബാബുവിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് വിജിലന്‍സിന്റെ തീരുമാനം. ഇത് സംബന്ധിച്ച നോട്ടീസ് അയക്കും. ബാബുവിന്റെ പിഎയുടെ സ്വകാര്യ പണമിടപാടുകളെക്കുറിച്ചും വിജിലന്‍സ് വിശദമായി അന്വേഷിക്കുന്നുണ്ട്.
ബാബുവിന്റെ മൂത്ത മകള്‍ ആതിരയുടെ തൊടുപുഴയിലുള്ള ഐഒബി ബാങ്ക് ബ്രാഞ്ചില്‍ ഇന്നലെ പരിശോധന നടത്തിയിരുന്നു. ബാബുവിന്റെ തൃപ്പൂണിത്തുറയിലുള്ള ബാങ്ക് ലോക്കറും ഇന്നലെ പരിശോധിച്ചു.അന്വേഷണത്തിന്റെ ഭാഗമായി ബാബുവിന്റെയും ഭാര്യയുടേയും രണ്ട് മക്കളുടേയുംപേരിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ വിജിലന്‍സ് നേരത്തെ മരവിപ്പിച്ചിരുന്നു. തമ്മനത്തെ യൂണിയന്‍ ബാങ്ക് ശാഖയിലുള്ള ലോക്കറും പരിശോധിക്കും.

അതേസമയം ബാര്‍ കോഴയില്‍ വിജിലന്‍സ് അന്വേഷണം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളിലേക്കും നീളുന്നു. തൃക്കാക്കരയിലെ മുന്‍ എം.എല്‍.എ. ബെന്നി ബഹനാന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനാണ് വിജിലന്‍സിന്റെ അടുത്ത നീക്കം.
ബാര്‍ കോഴയിലൂടെ ലഭിച്ച പണം സോളാര്‍ ഇടപാടുകള്‍ക്ക് ഉപയോഗിച്ചെന്ന പരാതിയിലാണ് വിജിലന്‍സ് ബെന്നിക്കെതിരെ നീങ്ങുന്നത്. കഴിഞ്ഞ ദിവസമാണ് ബെന്നിക്കെതിരായ പരാതി വിജിലന്‍സിന് ലഭിച്ചതെന്നാണ് സൂചന.