വിജിലൻസ് കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാണിക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത് അഡ്വ. എംകെ ദാമോദരന്‍

single-img
7 September 2016

image_collash
മുഖ്യമന്ത്രിയുടെ നിയമോപദേശക സ്ഥാനം ഒഴിഞ്ഞ അഡ്വ. എം.കെ. ദാമോദരന്‍, അഴിമതി കുരുക്കില്‍ പെട്ട മുന്‍മന്ത്രി കെ.എം മാണിക്കുവേണ്ടി ഹൈകോടതിയില്‍ ഹാജരായി. കോഴിക്കച്ചവടക്കാര്‍ക്കു നികുതി കുടിശിക ഒഴിവാക്കിക്കൊടുക്കുകയും ആയുര്‍വേദ ഉല്‍പന്ന കമ്പനികള്‍ക്കു നികുതിയിളവു നല്‍കുകയും ചെയ്ത തീരുമാനങ്ങളുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍. ഇട്ടതിനെതിരെ മാണി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ വക്കാലത്തുമായി എം കെ ദാമോദരന്‍ ഹാജരായത്. ഈ തീരുമാനങ്ങളിലൂടെ കെ.എം. മാണി 15.5 കോടി രൂപ സ്വന്തമാക്കിയെന്ന അഡ്വ. നോബിള്‍ മാത്യുവിന്റെ പരാതിയിലാണ് എഫ്.ഐ.ആര്‍. സമര്‍പ്പിച്ചത്. മാണിയുടെ ഇടപെടലുകളിലൂടെ സംസ്ഥാന സര്‍ക്കാരിന് 200 കോടിയോളം രൂപ നഷ്ടമുണ്ടായെന്ന് വിജിലന്‍സ് എറണാകുളം സെന്‍ട്രല്‍ ഡിവൈ.എസ്പി. ഫിറോസ് എം. റഷീദ് സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ പറയുന്നു. എഫ്.ഐ.ആര്‍. സമര്‍പ്പിക്കുന്നതിനു മുന്‍പ് മാണിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കോഴിഫാം ഉടമകളും മാണിയുടെ മുന്‍ അഡീ. പ്രൈവറ്റ് സെക്രട്ടറി ജയചന്ദ്രനുമടക്കം ഒന്‍പത് പേര്‍ പ്രതിപ്പട്ടികയിലുണ്ട്.

എന്നാല്‍ ഇപ്പോള്‍ തനിക്കെതിരെ വിജിലന്‍സ് എടുത്തിരിക്കുന്ന ഈ കേസില്‍ യാതൊരു കഴമ്പുമില്ലെന്നാണ് മാണിയുടെ വാദം. കേസ് പ്രതികാര മനോഭാവത്തോടെയുള്ളതാണെന്നും മാണി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെയാണ് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി മാണി ഹൈക്കോടതിയെ സമീപിക്കുന്നത്. അതേസമയം എം കെ ദാമോദരനെ തന്നെ അഭിഭാഷകനായി നിയമിച്ചതോടെ വിഷയത്തില്‍ ഏറെ രാഷ്ട്രീയ മാനവും കൈവന്നിട്ടുണ്ട്. നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവായി ദാമോദരനെ നിയമിക്കാൻ നീക്കമുണ്ടായിരുന്നു. എന്നാൽ, വിവാദ കേസുകളിൽ ഹാജരായ ഒരാളെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാകുന്നതിൽ എതിർപ്പുയർന്നതിനെ തുടർന്ന് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

കേസിൽ സർക്കാരിന്‍റെ വിശദീകരണം തേടേണ്ടതുണ്ടെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ കേസ് പരിഗണിക്കുന്നത് 19ലേക്ക് മാറ്റിവെച്ചു.