പ്രതിഷേധങ്ങള്‍ക്കിടെ കര്‍ണാടകം തമിഴ്‌നാടിന് വെള്ളം വിട്ടു നല്‍കി; തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ മൈസൂര്‍-ബാംഗ്‌ളൂര്‍ ദേശീയപാത വഴിയുള്ള ഗതാഗതം ഒഴിവാക്കണമെന്ന് അധികൃതര്‍

single-img
7 September 2016

 

krishnarajasagar_dam_cauvery_water_pti_650_636088321844132198
ബെംഗളൂരു: കാവേരി നദിയില്‍നിന്ന് തമിഴ്നാടിന് വെള്ളം നല്‍കണമെന്ന സുപ്രീം കോടതിയുത്തരവിനെത്തുടര്‍ന്ന് കര്‍ണാടക വെള്ളം വിട്ടുകൊടുത്തു.ഇന്നലെ അര്‍ധരാത്രിയോടെയാണ് 15,000 ഘനഅടി വെള്ളം കര്‍ണാടക വിട്ടുനല്‍കിയത്. കൃഷ്ണസാഗര്‍ ഡാമില്‍ നിന്നും 11,000 ഘന അടി ജലവും കബനീ നദിയില്‍ നിന്ന് 4,000 അടി വെള്ളവുമാണ് നല്‍കിയത്. പ്രതിഷേധസാധ്യത കണക്കിലെടുത്ത് ഡാമുകളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു

അതേസമയം, ഉത്തരവില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കര്‍ണാടകം ഇന്ന് സുപ്രീംകോടതിയെ സമീപിക്കും.

വെള്ളം വിട്ടുകൊടുക്കുന്നതിനെതിരെയുള്ള പ്രക്ഷോഭം ഇന്നും തുടരുകയാണ്. മാണ്ഡ്യയില്‍ ഇന്നും കര്‍ഷകര്‍ റോഡുപരോധിച്ചു.ഇന്നലെ തിരക്കേറിയ ബെംഗളൂരു-മൈസൂരു ഹൈവേ ഉപരോധിച്ചതിനെത്തുടര്‍ന്ന് ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടിരുന്നു. കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും ബസ്സുകള്‍ ഓടിയില്ല.ഇന്ന് രാവിലെ പ്രക്ഷോഭകര്‍ ബാംഗ്‌ളൂര്‍ റെയില്‍വെ സ്റ്റേഷന്‍ ഉപരോധിച്ചു. മാണ്ഡ്യ ജില്ലയില്‍ കര്‍ഷക സംഘടനയില്‍ ഇന്നലെ ആഹ്വാനം ചെയ്ത ബന്ദ് പൂര്‍ണമായിരുന്നു. ജില്ലയില്‍ ഇന്നും ബന്ദിന്റെ പ്രതീതി ജനിപ്പിച്ച് കൊണ്ട് സ്‌കൂളുകളും കോളേജുകളും അടഞ്ഞുകിടക്കുകയാണ്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായി തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ മൈസൂര്‍-ബാംഗ്‌ളൂര്‍ ദേശീയപാത വഴിയുള്ള ഗതാഗതം ഒഴിവാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.