സുപ്രീംകോടതിയില്‍ എത്തിയപ്പോൾ അക്രമകാരികളായ നായ്ക്കളെ കൊല്ലുമെന്ന നിലപാട് സർക്കാർ വിഴുങ്ങിയതിൽ പ്രതിഷേധം ശക്തമാകുന്നു

single-img
7 September 2016

തെരുവ് നായ്ക്കളെ കൊല്ലില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിൽ പ്രതിഷേധം ശക്തമാകുന്നു.വന്ധ്യംകരണം ഉള്‍പ്പെടെയുളള നടപടിയിലൂടെ തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുമെന്നും നായ്ക്കളെ ദത്തെടുക്കാന്‍ അനുവദിക്കുമെന്നുമാണു സുപ്രീംകോടതിയില്‍ നൽകിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. തെരുവ്നായയുടെ കടിയേറ്റ് പുല്ലുവിളയില്‍ 60കാരി കൊല്ലപ്പെട്ട സംഭവവും സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടില്ല.

തെരുവ്നായ് ശല്യത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പണം വാങ്ങി പ്രസിദ്ധീകരിക്കുന്നവയാണെന്നും നായ്ക്കളെ കൊന്നാല്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു.

അക്രമകാരികളായ നായ്ക്കളെ കൊല്ലുക തന്നെ ചെയ്യുമെന്ന് തദ്ദേശവകുപ്പ് മന്ത്രി കെ.ടി. ജലീല്‍ പ്രസ്താവിച്ചിരുന്നു. ഇതിനുള്ള നടപടികള്‍ അടുത്ത മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

അതേസമയം പൊന്നാനിയില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ഒന്നാം ക്ളാസുകാരിക്ക് ഗുരുതര പരിക്കേറ്റു. ബി.ഇ.എം.യു.പി സ്കൂള്‍ ഒന്നാം ക്ളാസ് വിദ്യാര്‍ഥിനി ഷാദിയ ഷെറിനെ സ്കൂളില്‍ വെച്ച് നായ കടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം. സ്കൂളിലെ മൂത്രപ്പുരയിലേക്ക് പോയ കുട്ടിയുടെ കൂടെ കൂട്ടുകാരുമുണ്ടായിരുന്നു. അതിനിടെ, സമീപത്തുള്ള പൊന്തക്കാട്ടില്‍ നിന്ന് ആറ് നായ്ക്കള്‍ വിദ്യാര്‍ഥികളുടെ നേര്‍ക്ക് തിരിയുകയായിരുന്നു. പത്തോളം സ്ഥലത്ത് കടിയേറ്റു. നാല് സ്ഥലത്ത് തുന്നലിട്ടു. പൊന്നാനി കുറ്റിക്കാട് സ്വദേശി നവാസിന്‍െറ മകളാണ് ഷാദിയ.