പണിമുടക്ക് പ്രാകൃത സമരരീതിയെന്ന് ആവർത്തിച്ച് ജോയ് മാത്യു:മുഖ്യമന്ത്രിയും മന്ത്രിമാരും തൊഴിലാളി പ്രസ്ഥാനങ്ങളുടെ ചാനലുകളും പത്രങ്ങളും പണിമുടക്കില്‍ പങ്കെടുക്കാത്തത് എന്തേ?

single-img
5 September 2016

joy-mathew-praises-ta-sajin-babu-for-his-fight_852

പണിമുടക്ക് പ്രാകൃത സമരരീതിയെന്ന് ആവർത്തിച്ച് നടന്‍ ജോയ് മാത്യു. വെള്ളിയാഴ്ച നടന്ന ദേശീയ പണിമുടക്കിനെ പരിഹസിച്ച് നടന്‍ ജോയ് മാത്യുവിന്‍െറ ഫേസ്ബുക് പോസ്റ്റിന്റെ വിമർശനങ്ങളോട് പ്രതികരിച്ച് മലയാള മനോരമയില്‍ എഴുതിയ ലേഖനത്തിലാണു ജോയ് മാത്യു നിലപാട് ആവർത്തിച്ചത്.തൊഴിലാളി പ്രസ്ഥാനങ്ങളുടെ പത്രങ്ങളും ചാനലുകളുമൊന്നും പണിമുടക്കിൽ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടാണ്? മുഖ്യമന്ത്രിയും മന്ത്രിമാരും പണിമുടക്കാതിരുന്നത് എന്തുകൊണ്ടാണ് എന്ന് ജോയ് മാത്യു ചോദിച്ചു.

സമരങ്ങളോട് എതിര്‍പ്പുള്ള ആളല്ല താന്‍. സമരങ്ങള്‍ക്കിറങ്ങിയിട്ടുമുണ്ട്. സമരരീതികളോട് ആണ് തന്റെ എതിര്‍പ്പെന്നും അദ്ദേഹം പറയുന്നു. പണിമുടക്കിന്റെ രീതികളിലും കാലത്തിനൊത്തു മാറ്റം വരേണ്ടേ? പണിക്കു പോകുന്നവനെ തടയുന്നതാവരുത് പണിമുടക്ക്. പണിക്കു പോകുന്നില്ല എന്ന പ്രഖ്യാപിക്കലാകണം.ഒരു ദിവസത്തെ പണിമുടക്കിൽ കേരളത്തിനു നഷ്ടം 1700 കോടി രൂപയാണ്. ഇതു നഷ്ടപ്പെടുത്തിയാണു നമ്മുടെ ഓരോ പണിമുടക്കും. പിറന്നുവീഴുന്ന ഓരോ മലയാളിയും 40,000 രൂപ കടക്കാരനാണ്. ഈ കടം കൂട്ടുകയാണ് ഓരോ പണിമുടക്കും. ഇതിന്റെ ദുഷ്ഫലം അനുഭവിക്കേണ്ടി വരുന്നതു സാധാരണ ജനമാണ്, ബാങ്കിൽ നിന്നു വായ്പയെടുത്തു ചായക്കട നടത്തുന്നവരും ഓട്ടോറിക്ഷ ഓടിക്കുന്നവരുമാണ്. വായ്പകളുടെ പലിശ രാവും പകലുമില്ലാതെ കൂടിക്കൊണ്ടിരിക്കുന്നതാണ്. അതിന്റെ സുഖം ഞാൻ നന്നായി അനുഭവിച്ചിട്ടുള്ളതാണെന്ന് ജോയ് മാത്യു ലേഖനത്തിൽ ചൂണ്ടിക്കാട്ടി.

പണിമുടക്കുന്നവർ ആത്മാർഥമായാണ് അതു ചെയ്യുന്നതെങ്കിൽ ശമ്പളം വേണ്ടെന്നു വച്ചു മുടക്കണം. സർക്കാർ ഉദ്യോഗസ്ഥർ അതു ചെയ്യുമോ? മാർക്സിന്റെ നിർവചനം അനുസരിച്ച് ഉൽപാദന പ്രക്രിയയിൽ പങ്കെടുക്കുന്നവനാണു തൊഴിലാളി. നമ്മുടെ തൊഴിലാളികൾ ഏതെങ്കിലും പൊതുമേഖലാസ്ഥാപനം നാടിനു തൃപ്തി തോന്നുന്ന മട്ടിൽ അവരുടെ അധ്വാനം കൊണ്ട് ആക്കിയെടുത്തിട്ടുണ്ടോ? അതു ചെയ്തിട്ടില്ലെങ്കിൽ അവരോട് എങ്ങനെയാണു ബഹുമാനം തോന്നുക? ബഹുമാനം തോന്നുക മുൻപേ പറഞ്ഞ വായ്പയെടുത്തു ജീവിതം കരുപ്പിടിപ്പിക്കാൻ ഓടുന്ന തൊഴിലാളിയോടാണ്. അവന്റെ പണിയാണു നമ്മൾ മുടക്കുന്നത്. അവന്റെ ഓട്ടോയുടെ കാറ്റാണ് അഴിച്ചുവിടുന്നത്.

നമ്മുടെ നാട് ഫുൾടൈം രാഷ്ട്രീയക്കാരും ഫുൾടൈം ട്രേഡ് യൂണിയൻ നേതാക്കളും ഉള്ളതാണ്. വികസിത രാജ്യങ്ങളിൽ ഇല്ലാത്ത പ്രതിഭാസമാണിത്. സമരം എന്നത് ഇവർ നടത്തിയാൽ പോരേ? അലവൻസൊക്കെ പറ്റുന്ന ട്രേഡ് യൂണിയൻ നേതാക്കൾക്ക് ഇതു ചെയ്യാവുന്നതേയുള്ളൂ. അവർ പ്രധാനമന്ത്രിയെ തടയട്ടെ. പാർലമെന്റ് സ്തംഭിപ്പിക്കട്ടെ. അവർക്കെന്തെങ്കിലും സംഭവിച്ചാൽ നമ്മൾ കൂടെയുണ്ട്. അതല്ലാതെ വലിയൊരു വിഭാഗം ജനങ്ങളുടെ ജനാധിപത്യ അവകാശത്തെ നിഷേധിക്കുന്ന പണിമുടക്ക് പ്രാകൃതമാണെന്ന് പറഞ്ഞാണു ജോയ് മാത്യു ലേഖനം അവസാനിപ്പിച്ചത്.