കേരളം ആന്ധ്രയിൽ കൃഷിയിറക്കുന്നു;കശുവണ്ടി തൊഴിലാളികളുടെ പ്രതിസന്ധി പരിഹരിക്കാനാണു കേരള സർക്കാർ ആന്ധ്രപ്രദേശില്‍ ഭൂമി പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നത്

single-img
3 September 2016

Cashew-Tree-with-fruit-Cashew-appleന്യൂ ഡല്‍ഹി : കേരളത്തിലെ കശുവണ്ടി തൊഴിലാളികളുടെ പ്രതിസന്ധി പരിഹരിക്കാന്‍ കേരള സര്‍ക്കാര്‍ ആന്ധ്രയുടെ സഹായം തേടുന്നു.ആന്ധ്രപ്രദേശില്‍ സര്‍ക്കാര്‍ ഭൂമി പാട്ടത്തിനെടുത്തു കൃഷി ചെയ്യാനാണ് ലക്‌ഷ്യം. അരലക്ഷം ഹെക്ടര്‍ ഭൂമി 99 വര്‍ഷത്തേക്ക് പാട്ടത്തിനെടുക്കാനാണ് പദ്ധതി. കേരള പരമ്പരാഗത തൊഴില്‍ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ആന്ധ്ര കൃഷിമന്ത്രി പുല്ലാറാവുവുമായ് നടന്ന കൂടികാഴ്ചയില്‍ പദ്ധതിയെ കുറിച്ച് ധാരണയായി. ഇത് സംബന്ധിച്ച കരാര്‍ ഇരു മുഖ്യമന്ത്രിമാരുടെ സാനിധ്യത്തില്‍ വൈകാതെ ഒപ്പ് വെയ്ക്കും.

കശുമാവ് തോട്ടത്തിന് അനുയോജ്യമായ കാലാവസ്ഥയുള്ള ആന്ധ്രയിലെ ശ്രീകാകുളം, വിജയനഗരം എന്നിവിടങ്ങളിലാണ് കേരളം കശുമാവ് നടുക.പ്രദേശത്തെ ആദിവാസികളടക്കമുള്ള പിന്നാക്കവിഭാഗങ്ങള്‍ക്ക് തൊഴിലവസരം നല്‍കാനും ജീവിതം മെച്ചപ്പെടുത്താനും കൃഷി ഏറെ സഹായിക്കും. ആന്ധ്രക്കും കേരളത്തിനും ഒരുപോലെ ഗുണം ചെയ്യുന്നതാണ് പദ്ധതി. കേരളസര്‍ക്കാര്‍ ഏജന്‍സിക്കായിരിക്കും പദ്ധതിയുടെ നടത്തിപ്പുചുമതല.പദ്ധതിക്ക് കണക്കാക്കുന്ന ചെലവില്‍ 200 കോടി രൂപ ആദ്യഘട്ടത്തില്‍ ഹോര്‍ട്ടികോര്‍പ് വഴി കേന്ദ്രസഹായം ലഭ്യമാക്കാമെന്നാണ് പ്രതീക്ഷ.

തോട്ടണ്ടിയുടെ ലഭ്യത കുറവ് മൂലം നിലവിലെ കേരള കശുവണ്ടി ഫാക്ടറികള്‍ അടച്ചിട്ടിരിക്കുകയാണ്.6000 കോടി രൂപയുടെ കശുവണ്ടി കയറ്റുമതിചെയ്യുന്നുണ്ട്. എന്നാല്‍, അത്രയും തോട്ടണ്ടി ഇറക്കുമതിചെയ്യപ്പെടുന്നു.ഇത് കാരണമുണ്ടായ പ്രതിസന്ധി പരിഹരിക്കുകയാണ് സര്‍ക്കാര്‍ ലക്‌ഷ്യം. വിപണിയില്‍ കശുവണ്ടിയുടെ സാധ്യത കണക്കിലെടുത്ത് കേരളത്തിന്‌ പുറത്തും കൃഷി നടത്താന്‍ ആലോചിക്കുന്നുണ്ട്. കേന്ദ്ര കൃഷിസഹമന്ത്രി സുദര്‍ശന്‍ ഭഗത്തുമായി നടത്തിയ കൂടിക്കാഴ്ചയിലും ഇക്കാര്യം ഉന്നയിച്ചെന്നും അദ്ദേഹം കേന്ദ്രസഹായം വാഗ്ദാനംചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.