മുന്‍ മന്ത്രി കെ.ബാബുവിന്റെയും മക്കളുടെയും വീട്ടില്‍ വിജിലന്‍സ് റെയ്ഡ്‌ ;റിയൽ എസ്റ്റേറ്റ് മാഫിയയുമായി വഴിവിട്ട ബന്ധമെന്ന് എഫ്ഐആർ..

single-img
3 September 2016

k-babu3
മുന്‍ മന്ത്രി കെ ബാബുവിന്റെ വീട്ടില്‍ വിജലന്‍സ് റെയ്ഡ്. പ്രതിപ്പട്ടികയിലുൾപ്പെട്ട ബാബുവിന്റെ സന്തതസഹചാരികളും ബിനാമികളെന്നും കരുതപ്പെടുന്ന തൃപ്പൂണിത്തുറ സ്വദേശികളായ മോഹനൻ, ബാബു റാം എന്നിവരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വീടിനു പുറമേ പാലാരിവട്ടത്തുള്ള മകളുടെ വീട്ടിലും തൊടുപുഴയിലുള്ള മറ്റൊരു മകളുടെ വീട്ടിലും വിജിലൻസ് റെയ്ഡ് നടക്കുന്നു. ഇതടക്കം ബാബുവുമായി ബന്ധപ്പെട്ട ഏഴ് കേന്ദ്രങ്ങളിലാണ് വിജിലൻസ് സ്പെഷൽ സെൽ റെയ്ഡ് നടത്തുന്നത്. ഇന്നു പുലർച്ചെ ഏഴോടെയാണ് റെയ്ഡ് ആരംഭിച്ചത്. വിവിധ സംഘങ്ങളായി തിരിഞ്ഞ വിജിലൻസ് ഏഴിടങ്ങളിലും ഒരേസമയം റെയ്ഡ് ആരംഭിക്കുകയായിരുന്നു. ബാബുവും ഭാര്യയും തൃപ്പൂണിത്തുറയിലെ വീട്ടിലുണ്ട്.
ബാര്‍കോഴ കേസില്‍ ബാബുവിനെതിരെ ബാറുടമയും വ്യവസായിയുമായ വിഎം രാധാകൃഷ്ണന്‍ അടക്കമുള്ളവര്‍ തെളിവു നല്‍കിയിരുന്നു. ലൈസന്‍സ് അനുവദിക്കുന്നതിന് പണപ്പിരിവ് നടത്തിയതിന്റെ തെളിവുകളാണ് നല്‍കിയിരുന്നത്. ഇതില്‍ വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇഷ്ടക്കാര്‍ക്ക് ബാര്‍ലൈസന്‍സ് അനുവദിക്കാന്‍ കെ ബാബു വഴിവിട്ട് ഇടപെട്ടുവെന്ന് പരാതിയില്‍ ആരോപിക്കുന്നു. ബാര്‍ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളില്‍ ചിലരെ ഇടനിലക്കാരാക്കി ബാബു പല ബിനാമി ഇടപാടുകളും നടത്തിയിട്ടുണ്ടെന്നും ഇതിനായി പണം പിരിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ബാര്‍ലൈസന്‍സ് നല്‍കാനുള്ള അധികാരം എക്‌സൈസ് കമ്മിഷണറില്‍ നിന്ന് എടുത്തുമാറ്റിയത് അഴിമതി നടത്താനാണെന്നും പറയുന്നു.

ബാര്‍ അഴിമതിക്കേസില്‍ കെ. ബാബുവിനെതിരായ രണ്ടാമത്തെ വിജിലന്‍സ് അന്വേഷണമാണിത്. ബാര്‍ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ആദ്യം കേസ് എടുത്തത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ അന്വേഷണത്തില്‍ തെളിവില്ലെന്ന് പറഞ്ഞ് വിജിലന്‍സ് ബാബുവിനെതിരായ കേസ് അവസാനിപ്പിക്കുകയായിരുന്നു.

അതേസമയം കൊച്ചി∙ മുൻ എക്സൈസ് മന്ത്രി കെ.ബാബുവിന് റിയൽ എസ്റ്റേറ്റ് മാഫിയയുമായി വഴിവിട്ട ബന്ധമെന്ന് എഫ്ഐആർ. പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുമായും ബന്ധമുണ്ട്. എറണാകുളത്തും കേരളത്തിനു പുറത്തും ബെനാമി സ്വത്തുക്കളുണ്ട്. മകളുടെ ഭർതൃപിതാവിന്റെ പേരിൽ 45 ലക്ഷത്തിന്റെ കാർ വാങ്ങി. ബാർ കോഴ ആരോപണം പുറത്തുവന്നപ്പോൾ കാർ വിറ്റെന്നും മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ച എഫ്ഐആറിൽ പറയുന്നു. എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ ബാബുവിനെതിരെ അനധികൃത സ്വത്തുസമ്പാദനത്തിനു കേസ് റജിസ്റ്റർ ചെയ്തു.