എടിഎം തട്ടിപ്പിനു പിന്നിൽ വിദേശികൾ അടക്കമുള്ള വൻ റാക്കറ്റ്;തിരുവനന്തപുരത്ത് പിൻ അടിച്ചാൽ മുംബൈയിൽ പണം കവരും;തട്ടിപ്പിന്റെ ചുരുളഴിയ്ക്കാൻ സൈബര്‍ വിദഗ്ധരടങ്ങിയ അന്വേഷണസംഘം മുംബൈയിലേക്ക് തിരിച്ചു.

single-img
9 August 2016

13932061_581992428676130_1699131754_o
ലസ്ഥാനത്തെ എടിഎം തട്ടിപ്പ് അന്വേഷണത്തിനായി ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. സൈബര്‍ വിദഗ്ധരടങ്ങിയ അന്വേഷണസംഘം മുംബൈയിലേക്ക് തിരിച്ചു. വേണ്ടി വന്നാല്‍ കേന്ദ്രസഹായം ആവശ്യപ്പെടും. തട്ടിപ്പില്‍ മൂന്നുവിദേശികള്‍ക്കും പങ്കുണ്ടെന്നാണ് സൂചന. അതേസമയം സംഭവത്തില്‍ ഡിജിപി ഇന്ന് ആഭ്യന്തരസെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കും.

തലസ്ഥാനത്തെ എടിഎമ്മുകളിൽ കാർഡ് വിവരങ്ങൾ ചോർത്തുന്ന സ്കിമ്മറും രഹസ്യ ക്യാമറയും കണ്ടെത്തിയിരുന്നു. ഒറ്റ ദിവസംകൊണ്ടു മാത്രം 16 ഇടപാടുകാരിൽ നിന്നു തട്ടിയെടുത്തത് രണ്ടര ലക്ഷം രൂപ. തട്ടിപ്പിനിരയായിട്ടുണ്ടെന്നു കാട്ടി കൂടുതൽ പേർ ബാങ്കുകളെ സമീപിച്ചെങ്കിലും പരാതി പൊലീസിനു കൈമാറിയിട്ടില്ല.നഗരത്തിൽ വെള്ളയമ്പലം ആൽത്തറയിൽ എസ്ബിഐ ശാഖയോടു ചേർന്നു പ്രവർത്തിക്കുന്ന എടിഎമ്മിലാണു തട്ടിപ്പ് കണ്ടെത്തിയത്.
ജൂൺ അവസാന വാരം ഇൗ എടിഎമ്മിൽ നിന്നു പണം പിൻവലിച്ചവരുടെ അക്കൗണ്ടിൽ നിന്നു ഞായറാഴ്ച രാവിലെയോടെ മിനിറ്റുകൾ ഇടവിട്ടു പണം നഷ്ടപ്പെടുകയായിരുന്നു. ഞായറാഴ്ചയായതിനാൽ ആർക്കും ബാങ്കിലെത്തി പരാതിപ്പെടാനായില്ല. ആൽത്തറ നഗറിൽ താമസിക്കുന്ന രാജകൃഷ്ണന്റെ അക്കൗണ്ടിൽ നിന്നു രാവിലെ 9.58ന് 5,000 രൂപ പിൻവലിച്ചു. പിന്നാലെ നാലു തവണയായി 10,000 രൂപ വീതം നഷ്ടപ്പെട്ടു. എടിഎമ്മിലെത്തി അക്കൗണ്ടിലെ ബാക്കി തുക പരിശോധിച്ചപ്പോൾ തട്ടിപ്പ് വ്യക്തമായ രാജകൃഷ്ണൻ ഇന്നലെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഇരുപത്തിനാല് മണിക്കൂറും ഉറപ്പാക്കിയിട്ടുള്ള എടിഎമ്മുകളില്‍ തന്നെയാണ് തട്ടിപ്പ് നടന്നത്. ഇടപാടുകള്‍ നിരീക്ഷിക്കാന്‍ സിസിടിവി ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഉണ്ടായിട്ടും തട്ടിപ്പുകാര്‍ ഇലക്ട്രോണിക് ഉപകരണം സ്ഥാപിച്ചതെങ്ങനെയെന്ന ചോദ്യത്തിന് ബാങ്ക് അധികൃതര്‍ക്കും ഉത്തരമില്ല.
പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് എടിഎം കൗണ്ടറിന്റെ സീലിങ്ങിലെ സ്മോക് ഡിറ്റെക്ടറിനുള്ളിൽ ക്യാമറ, ബാറ്ററി, മെമ്മറി കാർഡ്, സിം കാർഡ് എന്നിവ കണ്ടെത്തി. ഇൗ സ്മോക് ഡിറ്റെക്ടറും തട്ടിപ്പുകാർ തന്നെ സ്ഥാപിച്ചതായിരുന്നു. ക്യാമറ ഉപയോഗിച്ചു പിൻ നമ്പർ മാത്രം ശേഖരിച്ചു പണം പിൻവലിക്കുക അസാധ്യമായതിനാൽ എടിഎം മെഷീനിൽ സ്കിമ്മർ എന്ന ഉപകരണം മോഷ്ടാക്കൾ ഘടിപ്പിച്ചിരുന്നിരിക്കാം എന്നാണു പൊലീസ് കരുതുന്നത്.