നിയമസഭയിൽ പ്രത്യേക ബ്ലോക്ക് എന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് മാണി;മാണിയുമായി ഒത്തുതീര്‍പ്പിനില്ലെന്ന് കോണ്‍ഗ്രസ്

single-img
8 August 2016

mani-km.jpg.image.784.410

യുഡിഎഫ് വിട്ട് നിയമസഭയിൽ പ്രത്യേക ബ്ലോക്കായി നിൽക്കുമെന്ന തീരുമാനത്തിൽ നിന്നും കേരള കോൺഗ്രസ്–എം പിന്നോട്ട് പോകില്ലെന്ന് ചെയർമാൻ കെ.എം.മാണി. കോട്ടയത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് ഉൾപ്പടെ സമവായ നീക്കത്തിന് ശ്രമിക്കുന്നവരെ അദ്ദേഹം സ്വാഗതം ചെയ്തു. ലീഗുമായി നല്ല ബന്ധമുള്ള പാർട്ടിയാണ് കേരള കോൺഗ്രസ്. അവർ ചർച്ച ആഗ്രഹിക്കുന്നെങ്കിൽ സ്വാഗതം ചെയ്യുന്നു. എന്നാൽ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് വിടാനുള്ള കേരള കോൺഗ്രസിന്റെ തീരുമാനത്തെ വിമർശിച്ച പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ മാണി തള്ളിക്കളഞ്ഞു. കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ വിമർശനങ്ങളെയും അദ്ദേഹം തള്ളി. യുഡിഎഫ് വിടുമ്പോൾ കോൺഗ്രസ് മുഖപത്രം വിമർശിക്കണമെന്നും മിത്രങ്ങൾ ശത്രുക്കളാകുമെന്ന് അറിഞ്ഞുതന്നെയാണ് കേരള കോൺഗ്രസ് തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെ.എം.മാണിയുമായി അങ്ങോട്ടുപോയി ഒത്തുതീര്‍പ്പിനില്ലെന്നു കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. മാണിയെ പ്രകോപിപ്പിക്കേണ്ടെന്നും തീരുമാനം. എന്നാല്‍ കേരളാ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വിമര്‍ശനങ്ങള്‍ക്കു അപ്പപ്പോള്‍ മറുപടി നല്‍കാനും തീരുമാനമായി. അതേസമയം, വിഷയത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ത്താസമ്മേളനം ഉച്ചയ്ക്കുണ്ടാകും.

ഇനി സമവായത്തിനുള്ള സാധ്യതയില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നു. കോണ്‍ഗ്രസിനുനേരെയും നേതാക്കള്‍ക്കുനേരെയും കടുത്ത വിമര്‍ശനമാണ് കേരള കോണ്‍ഗ്രസ് ഇന്നലെ നടത്തിയത്. അതുകൊണ്ട് അങ്ങോട്ടുപോയി ചര്‍ച്ചയില്ല. ഇതു സംബന്ധിച്ച നിര്‍ദേശം ഉടന്‍ നല്‍കും.

അതിനിടെ സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാണിയ്ക്കെതിരേ പ്രതിഷേധ പ്രകടനങ്ങൾ നടത്തി.ചരൽക്കുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാണിയ്ക്ക് നേരേ കരിങ്കൊടി പ്രതിഷേധം നടത്തി.
കെ.എം.മാണിയുടെ വാഹനത്തിനുമുന്നിലേക്കു ചാടിവീണ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസിനു തടയാന്‍ കഴിഞ്ഞില്ല. കേരള കോണ്‍ഗ്രസ് നേതാക്കളായ ജോസഫ് എം. പുതുശ്ശേരി, വിക്ടര്‍ ടി.തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിരോധം. മാണിക്കു വഴിയൊരുക്കിയശേഷം കേരള കോണ്‍ഗ്രസ് നേതാക്കള്‍ സംഘര്‍ഷത്തിനുനില്‍ക്കാതെ സ്ഥലംവിട്ടു. കെ.എം.മാണി മടങ്ങിയത് പോലീസ് അകമ്പടിയിലാണ്.മാണി മുന്നണി വിട്ടതിൽ ആഹ്ലാദിച്ച് പലയിടങ്ങളിലും യൂത്ത് കോൺഗ്രസ് ലഡു വിതരണവും നടത്തി.