ഹോപ് പ്ലാന്റേഷന് ഭൂമി നല്‍കിയ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ത്വരിത പരിശോധനയ്ക്ക് ഉത്തരവ്

single-img
6 August 2016

Oommen_Chandy_1357538f

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും അടൂര്‍ പ്രകാശിനുമെതിരെ ത്വരിത പരിശോധന നടത്താന്‍ മുവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. കൊല്‍ക്കത്ത ആസ്ഥാനമായ ഹോപ് പ്ളാന്‍േറഷന്‍ ഉടമകള്‍ക്ക് ഇടുക്കി ജില്ലയിലെ പീരുമേട്, ഏലപ്പാറ വില്ളേജുകളിലെ 708.42 ഏക്കര്‍ മിച്ചഭൂമി അനധികൃതമായി പതിച്ചു നല്‍കാന്‍ നീക്കം നടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് ഉത്തരവ്. ഒൗദ്യോഗിക സ്ഥാനങ്ങള്‍ ദുരുപയോഗം ചെയ്ത് സാമ്പത്തിക നേട്ടം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ 1963ലെ കേരള ഭൂപരിഷ്കരണ നിയമത്തില്‍ ഇളവ് നല്‍കി സര്‍ക്കാറിന് 354 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.

ഹോപ് പ്ലാന്റേഷന് മിച്ചഭൂമി പതിച്ചു നല്‍കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അവസാന കാലത്താണ് തീരുമാനമെടുത്തത്. ഇതില്‍ അഴിമതി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

തീരുമാനത്തിനെതിരെ കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വി എം സുധീരന്‍ സര്‍ക്കാരിന് കത്തുനല്‍കി. തുടര്‍ന്ന് ഏപ്രില്‍ മാസം ആറിന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനം പിന്‍വലിക്കുകയായിരുന്നു.

മുന്‍ ലാന്‍ഡ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വാസ് മത്തേ, ഹോപ് പ്ളാന്‍േറഷന്‍ എം.ഡി പവന്‍പോടാര്‍, പീരുമേട് ബഥേല്‍ പ്ളാന്‍േറഷന്‍ ഗ്ളെന്‍ മേരി എസ്റ്റേറ്റ് എം.ഡി തോമസ് മാത്യു, പീരുമേട് ലൈഫ് ടൈം പ്ളാന്‍േറഷന്‍ എം.ഡി ഷീല്‍ പാണ്ഡെ എന്നിവര്‍ക്കെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.