മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ്.ഐയ്‌ക്കെതിരായ നടപടിയില്‍ സ്‌റ്റേ

single-img
5 August 2016

town-sii_0
കോഴിക്കോട് കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ സസ്‌പെന്‍ഷനിലായ എസ്.ഐയ്‌ക്കെതിരായ തുടര്‍ നടപടിയില്‍ താല്‍ക്കാലിക സ്‌റ്റേ. എസ്.ഐ പി.എം വിമോദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ മാസം 16 വരെ സ്‌റ്റേ അനുവദിച്ച് ജസ്റ്റീസ് കെമാല്‍ പാഷ ഉത്തരവിട്ടത്.

കഴിഞ്ഞയാഴ്ചയാണ് വിവാദ സംഭവത്തെ തുടര്‍ന്ന് എസ്.ഐയെ സസ്‌പെന്റു ചെയ്തത്. കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു പ്രവേശനം നിഷേധിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതില്‍ പ്രതിഷേധിച്ച ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ്, ക്യാമറമാന്‍ അഭിലാഷ്, ഡ്രൈവര്‍ പ്രകാശ് തുടങ്ങിയവരെ കോടതി വളപ്പില്‍നിന്നും ടൗണ്‍ എസ്.ഐ പി.എം വിമോദും സംഘവും കസ്റ്റഡിയിലെടുത്തു. മാധ്യമപ്രവര്‍ത്തകരെ തടയാന്‍ ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശമുണ്ടെന്നു പറഞ്ഞായിരുന്നു നടപടി. പ്രതിഷേധത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു. എന്നാല്‍ ഇത്തരമൊരു ഉത്തരവ് നല്‍കിയിട്ടില്ലെന്ന് കോടതി അധികൃതര്‍ പിന്നീട് വ്യക്തമാക്കി. തുടര്‍ന്ന് പൊലീസ് പിടിച്ചെടുത്ത ഏഷ്യാനെറ്റ് ന്യൂസിന്റെ ഡി.എസ്.എന്‍.ജി വാന്‍ തിരിച്ചെടുക്കാനെത്തിയപ്പോള്‍, എസ്.ഐ വീണ്ടും മാധ്യമപ്രവര്‍ത്തകരെ പ്രകോപനപരമായി പെരുമാറുകയും ഇവരെ വീണ്ടും വലിച്ചിഴച്ചു പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി സ്റ്റേഷനില്‍ പൂട്ടിയിടുകയുമായിരുന്നു.