ജി.എസ്.ടി ബില്ലില്‍ വരുത്തിയ ഭേദഗതിയില്‍ എതിര്‍പ്പുമായി കേരളം

single-img
5 August 2016

THOMAS ISAAC

ചരക്കു സേവന നികുതി ബില്ലിൽ വരുത്തിയ ഭേദഗതികളിൽ എതിർപ്പുമായി കേരളം. അന്തർസംസ്‌ഥാന നികുതി പങ്കിടൽ സംബന്ധിച്ച ധനമന്ത്രിമാരുടെ യോഗത്തിലെ ധാരണ പാലിക്കാത്തതിൽ വിയോജിപ്പ് അറിയിച്ച് ധനകാര്യമന്ത്രി തോമസ് ഐസക് കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലിക്കു കത്തെഴുതി. കോൽക്കത്തയിൽ ചേർന്ന സംസ്‌ഥാന ധനകാര്യമന്ത്രിമാരുടെ യോഗത്തിലുണ്്ടായ ധാരണ ചരക്കു സേവന നികുതി ബില്ലിൽ ഉൾപ്പെടുത്തണമെന്നാണ് കത്തിൽ കേരളം ആവശ്യപ്പെടുന്നത്. ഇൻപുട്ട് ടാക്സും റീഫണ്്ട് ക്ലെയിമുമായി ലഭിക്കുന്ന തുകയും പങ്കുവയ്ക്കണമെന്നായിരുന്നു സംസ്‌ഥാന ധനമന്ത്രിമാരുടെ ആവശ്യം.
ജി.എസ്.ടി നടപ്പിലാക്കുമ്പോള്‍ നികുതി പരിധി കുറയ്ക്കണമെന്ന കേന്ദ്രനിലപാടും അംഗീകരിക്കാനാകില്ലെന്ന് കത്തില്‍ അദ്ദേഹം പറയുന്നു. 22 ശതമാനമെങ്കിലുമായി നികുതി നിശ്ചയിക്കണം. തീരുമാനം മറിച്ചായാല്‍ അത് വിഭവസമാഹരണത്തെ ബാധിക്കും. സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണിതെന്നും ഐസക് പറയുന്നു.

പശ്ചിമ ബംഗാള്‍ ധനമന്ത്രി അമിത് മിശ്രയും കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റലിക്ക് കത്തയച്ചു. നിയമ ഭേദഗതി പാര്‍ലമെന്റില്‍ പാസായ സാഹചര്യത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷ തുടക്കം മുതല്‍ രാജ്യത്ത് ജിഎസ്ടി സമ്പ്രദായം നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.ഇതിനായുള്ള തുടര്‍ നടപടികള്‍ ആലോചിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ ഉടന്‍ യോഗം ചേരും.ബുധനാഴ്ചയാണ് ജിഎസ്ടി ബിൽ രാജ്യസഭ പാസാക്കിയത്.