കേന്ദ്രസര്‍ക്കാരിന്റെ സമീപനം വേദനിപ്പിച്ചുവെന്ന് കെ.ടി ജലീല്‍: കേന്ദ്രം തിങ്കളാഴ്ച വിശദീകരണം നല്‍കും

single-img
5 August 2016

jaleel-against-governor
തിരുവനന്തപുരം: സൗദിയിലെ തൊഴില്‍ പ്രശ്‌നത്തില്‍ ഇടപെടുന്നതിനായി ആവശ്യപ്പെട്ട നയതന്ത്ര പാസ്‌പോര്‍ട്ട് നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാട് വേദനിപ്പിച്ചുവെന്ന് മന്ത്രി കെ.ടി ജലീല്‍. കേന്ദ്രസര്‍ക്കാരിനെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തം നിറവേറ്റാനും പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കേന്ദ്രത്തെ സഹായിക്കാനുമാണ് ശ്രമിച്ചത്. ഇക്കാര്യത്തില്‍ രാഷ്ട്രീയം കാണണ്ട. തൊഴില്‍ പ്രതിസന്ധിയില്‍ മുഖ്യമന്ത്രിയുമായി വിശദമായ ചര്‍ച്ച നടത്തിയതായും പ്രശ്‌ന പരിഹാരം അദ്ദേഹം ഉറപ്പുനല്‍കിയതായും കെ.ടി ജലീല്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

സൗദിയില്‍ ജോലി നഷ്ടമായി കുടുങ്ങിയ തൊഴിലാളികളെ കാണുന്നതിനായി ഗള്‍ഫിലേക്കു പുറപ്പെടാനിരുന്ന മന്ത്രി കെ.ടി.ജലീല്‍ നയതന്ത്ര പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചിരുന്നുവെങ്കിലും കാരണം വ്യക്തമാക്കാതെ അനുമതി നിഷേധിക്കുകയായിരുന്നു. നയതന്ത്ര പാസ്‌പോര്‍ട്ടിന് പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും അനുമതി വേണം. സൗദി ഭരണകൂടത്തിന്റെയും അനുമതി ആവശ്യമാണെന്നു വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

മന്ത്രിയും തദ്ദേശവകുപ്പു സെക്രട്ടറി വി.കെ. ബേബിയും ഇന്നു സൗദിയിലേക്കു തിരിക്കാനാണു തീരുമാനിച്ചിരുന്നത്. പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചിട്ടുണ്ടെന്നും ഇന്നു വൈകിട്ടോടെ യാത്ര തിരിക്കാന്‍ കഴിഞ്ഞേക്കുമെന്നും മന്ത്രി പറഞ്ഞെങ്കിലും ഇന്നലെ രാത്രിയോടെ അനുമതി നിഷേധിച്ച സന്ദേശമെത്തുകയായിരുന്നു.

അതേസമയം, ജലീലിന് പാസ്‌പോര്‍ട്ട് നിഷേധിച്ച വിഷയം കെ.സി വേണുഗോപാല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ നിഷേധിച്ചതിനെ തുടര്‍ന്ന് ശൂന്യവേളയിലാണ് അവതരിപ്പിച്ചത്. വിഷയത്തില്‍ വിദേശകാര്യ മന്ത്രി തിങ്കളാഴ്ച ലോക്‌സഭയില്‍ വിശദീകരണം നല്‍കും.