രണ്ട് ദിവസത്തിനകം തൊഴിൽ പ്രശ്നം പരിഹരിക്കാൻ സൗദി രാജാവ് നിര്‍ദേശം നല്‍കിയെന്ന് സുഷമാ സ്വരാജ്

single-img
4 August 2016

sushma-main

ഇന്ത്യക്കാരുടെ തൊഴിൽ പ്രശ്നം പരിഹരിക്കാൻ സൗദി അറേബ്യൻ സർക്കാർ ഇടപെടുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. രണ്ട് ദിവസത്തിനകം പ്രതിസന്ധി പരിഹരിക്കണമെന്ന് സൗദി രാജാവ് നിര്‍ദേശം നല്‍കിയതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് രാജ്യസഭയില്‍ അറിയിച്ചു.ലേബർ ക്യാമ്പിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് എല്ലാ സഹായവും നൽകും. ജോലി നഷ്ടപ്പെട്ട മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്നും സുഷമ സ്വരാജ് രാജ്യസഭയിൽ അറിയിച്ചു.

അതേസമയം, സൗദിയില്‍ ജോലി നഷ്ടപ്പെട്ട തൊഴിലാളികളില്‍ ആദ്യ സംഘത്തെ നാട്ടിലെത്തിക്കുന്നത് വൈകുമെന്നാണ് വിവരം. ഹാജിമാരുടെ വിമാനത്തില്‍ ഒരു സംഘം തൊഴിലാളികളെ ഇന്ന് നാട്ടിലെത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് സൗദിയുടെ അനുമതി ലഭിച്ചില്ല.

സൗദിയില്‍ കുടുങ്ങിയ മലയാളികളുമായി ആശയ വിനിമയം നടത്തുമെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. സൗദിയിലെ ലേബര്‍ ക്യാമ്പ് സന്ദര്‍ശിക്കുന്നതിനായി മന്ത്രി നാളെ സൗദിയിലേക്ക് തിരിക്കും. മടങ്ങി വരുന്ന മലയാളികള്‍ക്ക് പുനരധിവാസം ഉറപ്പാക്കുമെന്നും മന്തി പറഞ്ഞു.