കെജ്രിവാളിന് തിരിച്ചടി:ഡൽഹി സർക്കാരിന്റെ നിർദേശപ്രകാരം പ്രവർത്തിക്കേണ്ട ആളല്ല ഗവർണറെന്ന് ഹൈക്കോടതി

single-img
4 August 2016

Kejariwal

ഡൽഹിയിൽ ഭരണം നടത്തുന്നതാരെന്നത് സംബന്ധിച്ച തർക്കത്തിൽ അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. രാജ്യ തലസ്ഥാനമായ ഡൽഹിയുടെ ഭരണത്തലവൻ ലഫ്റ്റണന്‍റ് ഗവർണർ നജീബ് ജങ് തന്നെയെന്ന് ഡൽഹി ഹൈകോടതി വിധിച്ചു. ഗവർണർ മന്ത്രിസഭയുടെ ഉപദേശകനായാൽ മതിയെന്ന എ.എ.പിയുടെ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ലഫ്. ഗവർണറുടെ അനുമതിയില്ലാതെ തീരുമാനങ്ങളെടുക്കാൻ മന്ത്രിസഭയ്ക്ക് കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഭരണ വിഷയങ്ങളിലും തലസ്‌ഥാനത്തിന്റെ അധികാരം സംബന്ധിച്ചും ഡൽഹി സർക്കാരും കേന്ദ്രസർക്കാരും തമ്മിലുള്ള പോരു രൂക്ഷമായ സാഹചര്യത്തിലാണ് ഹൈക്കോടതി ഉത്തരവുണ്ടായത്. ഡൽഹി സർക്കാരിന്റെയും ലഫ്. ഗവർണർ നജീബ് ജംഗിന്റെയും വിവിധ തീരുമാനങ്ങളെ ചോദ്യംചെയ്ത് 11 ഹർജികളാണ് ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ടത്.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഡൽഹിയെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി കെജ്രിവാൾ ആരോപിച്ചിരുന്നു. ഡൽഹിയിൽ ബി.െജ.പിക്ക് മൂന്ന് അംഗങ്ങൾ മാത്രമാണുള്ളത്. ആം ആദ്മി പാർട്ടിക്ക് 67 ഉം. ഡൽഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ കേന്ദ്രത്തിെൻറ പ്രതിനിധിയായ ലഫ്റ്ററൻറ് ഗവർണർക്ക് അവഗണിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി എ.എ.പി രംഗത്തെത്തിയിരുന്നു.