സെക്രട്ടറിയേറ്റിന് മുന്നിൽ ആത്മഹത്യാഭീഷണി മുഴക്കിയവരെ പോലീസ് താഴെയിറക്കി

single-img
2 August 2016

Pic

റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നൽകണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലെ ബഹുനില കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കുന്ന യുവാക്കളുടെ 24 മണിക്കൂർ പിന്നിട്ട സമരം അവസാനിപ്പിച്ചു. ഉദ്യോഗാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഗണിക്കാമെന്ന ഉറപ്പ് നല്‍കിയാണ് പോലീസ് ഇവരെ താഴെയിറക്കിയത്.തങ്ങളുടെ ആവശ്യങ്ങളെ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന ഉറപ്പില്‍മേലാണ് താഴെയിറങ്ങിയത്. ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുമെന്നും ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും സമാനമായ രീതിയില്‍ സമരം ചെയ്തിരുന്നു. എന്നാല്‍ അന്ന് ലഭിച്ച ഉറപ്പ് പാലിക്കപ്പെട്ടിരുന്നില്ല. ഇപ്പോഴത്തെ പ്രതീക്ഷയുള്ള സര്‍ക്കാരാണെന്നും യുവാക്കളുടെ ആവശ്യങ്ങളെ പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.

മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്കുശേഷം ഇന്നലെ ഉച്ചയ്ക്ക് മുഖ്യമന്ത്രിയുമായി സമരക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും രേഖാമൂലമുളള ഉറപ്പുകള്‍ ലഭിക്കാതെ താഴേക്ക് ഇറങ്ങില്ലെന്നാണ് സമരക്കാര്‍  വ്യക്തമാക്കിയിരുന്നത്. ഇവരുടെ നിയമനം സംബന്ധിച്ച സാധ്യതകള്‍ പരിശോധിക്കാമെന്നാണ് മുഖ്യമന്ത്രിയുമായുളള ചര്‍ച്ചയ്ക്കുശേഷം ഇന്നലെ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ അറിയിച്ചത്.

റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട 550 പേര്‍ക്കും നിയമനം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. നേരത്തെ ഇവരുടെ ലിസ്റ്റില്‍ നിന്നും 50 പേരെ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതലയുളള കമാന്‍ഡോകളായി നിയമിച്ചിരുന്നു. നിലവില്‍ ഒഴിവുകളില്ലെന്നും പരിശോധിച്ചശേഷം തീരുമാനിക്കാമെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.