കഥാപാത്രങ്ങള്‍ പുക വലിക്കുമ്പോഴുള്ള പുകയില വിരുദ്ധ സന്ദേശങ്ങള്‍ വേണ്ട; പുകയില വിരുദ്ധസന്ദേശങ്ങള്‍ ഇനി സിനിമക്ക് മുമ്പ് മാത്രം

single-img
2 August 2016

screen-13.06.03[02.08.2016]

സിനിമയിലെ പുകയില വിരുദ്ധ സന്ദേശങ്ങള്‍ ഇനി മുതല്‍ സിനിമക്ക് മുമ്പ് മാത്രം മതിയെന്ന് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. സിനിമയുടെ തുടക്കത്തില്‍ മാത്രം ഇത്തരം പരസ്യങ്ങള്‍ മതിയെന്നാണ് ശ്യാം ബെനഗല്‍ കമ്മിറ്റിയുടെ തീരുമാനം.

കഥാപാത്രങ്ങള്‍ പുക വലിക്കുമ്പോള്‍ പുകയില വിരുദ്ധ സന്ദേശങ്ങള്‍ എല്ലായ്‌പ്പോവും എഴുതിക്കാണിക്കുന്നത് അരോചകമാണെന്നും ഇത് കഥ പറച്ചിലിന്‍റെ ഒഴുക്കിനെ തടസപ്പെടുത്തുമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് കൈമാറി.
സിനിമ തുടങ്ങുന്നതിന് മുമ്പ് പുകയില വിരുദ്ധ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹ്രസ്വ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. സിനിമാ താരങ്ങളെ ഇതിനായി ഉപയോഗിക്കണമെന്നും ശുപാർശയിലുണ്ട്.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ നവീകരണത്തിനായാണ് സംവിധായകന്‍ ശ്യാംബെനഗലും നടന്‍ കമലാഹാസനും അടങ്ങുന്ന വിദഗ്ധ സമിതി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം രൂപീകരിച്ചത്. പുകവലി വിരുദ്ധ സന്ദേശങ്ങള്‍ സിനിമക്കിടെ എഴുതിക്കാണിക്കുന്നത് പ്രേക്ഷക ശ്രദ്ധ തിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നേരത്തേ ഇത്തരം പരസ്യങ്ങള്‍ എടുത്ത് കളയണമെന്ന് ആവശ്യപ്പെട്ട് നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തറും അനുരാഗ് കശ്യപും രംഗത്ത് വന്നിരുന്നു.