ആനന്ദിബെന്നിനെ ബലിയാടാക്കിയാലും ബി.ജെ.പിയെ രക്ഷിക്കാനാവില്ലെന്ന് രാഹുൽ ഗാന്ധി;രാജി പ്രഖ്യാപനം എഎപിയെ പേടിച്ചെന്ന് കേജ്‍രിവാൾ.

single-img
2 August 2016

rahul-kejriwal-1468952688
ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള ആനന്ദിബെന്‍ പട്ടേലിന്റെ രാജി ബിജെപിക്കെതിരായ രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. ആനന്ദിബെന്‍ പട്ടേല്‍ ബിജെപിയുടെ ബലിയാടാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ബലിയാടിന്റെ ത്യാഗം ബിജെപിയെ രക്ഷിക്കില്ല. നരേന്ദ്ര മോദിയുടെ 13 വര്‍ഷത്തെ ഭരണമാണ് ഗുജറാത്തിലെ പ്രശ്‌നങ്ങളുടെ കാരണമെന്നും രാഹുല്‍ ആരോപിച്ചു.

ബി.ജെ.പിക്ക് ഗുജറാത്തില്‍ അടിത്തറ നഷ്ടപ്പെട്ട സാഹചര്യത്തില്‍ മുതിര്‍ന്ന നേതാക്കളുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ആനന്ദിബെന്‍ പട്ടേലിന് രാജിവെക്കേണ്ടിവന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. അടുത്തവര്‍ഷം ഡിസംബറില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത പരാജയം നേരിടേണ്ടിവരുമെന്നതിന്റെ സൂചനയാണ് ഇതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു.

അതേസമയം, ആംആദ്മി പാര്‍ട്ടിക്കു ഗുജറാത്തില്‍ ലഭിക്കുന്ന പിന്തുണയെ ബിജെപി പേടിക്കുന്നതിന്‍റെ തെളിവാണ് ആനന്ദിബെന്‍ പട്ടേലിന്‍റെ രാജിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

സംവരണം ആവശ്യപ്പെട്ടു ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ ബിജെപിയുടെ വോട്ടുബാങ്കായ പട്ടേല്‍ സമുദായം നടത്തിയ സമരപരമ്പരയും കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ദലിത് പ്രക്ഷോഭവും കൈകാര്യം ചെയ്യുന്നതില്‍ ആനന്ദിബെന്‍ പട്ടേല്‍ വീഴ്ചവരുത്തിയെന്നു ആക്ഷേപമുയര്‍ന്നിരുന്നു.അടുത്തവര്‍ഷം ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനത്തു പാര്‍ട്ടിയ്ക്കുണ്ടായ ക്ഷീണം തീര്‍ക്കാനുള്ള തന്ത്രപരമായ നീക്കമായിരുന്നു ബിജെപി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമുള്ള ആനന്ദിബെന്‍ പട്ടേലിന്റെ നാടകീയ രാജി.