എയർ ആംബുലൻസ് പദ്ധതി സർക്കാർ ഉപേക്ഷിക്കുന്നു

single-img
21 July 2016

dc-Cover-btem15j5p5j9g1dhqa23dir8f4-20160303073146.Medi

തിരുവനന്തപുരം: എയര്‍ ആംബുലന്‍സ് പദ്ധതി ഇടതു സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു. സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന കാരണം പറഞ്ഞാണ് പദ്ധതി വേണ്ടെന്ന് വയ്ക്കുന്നത്. അവയവദാനം അടക്കമുള്ള അടിയന്തര വൈദ്യസഹയത്തിന് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് എയര്‍ ആംബുലന്‍സ് പദ്ധതി ആരംഭിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചത്.

2014ൽ ഏഴ് കോടി രൂപ ചെലവിൽ വാങ്ങിയ എട്ട് സീറ്റുള്ള വിമാനം എയർ ആംബുലൻസ് ആയി ഉപയോഗിക്കാനായിരുന്നു നീക്കം. അവയവ ദാനത്തിനുള്ള സർക്കാർ ഏജൻസിയായ മൃതസഞ്ജീവനിയുമായും രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജിയുമായും യുഡിഎഫ് സർക്കാർ കരാർ ഒപ്പിടുകയും തെരഞ്ഞെടുപ്പിന് മുൻപ് തന്നെ പദ്ധതിയുടെ ഉദ്ഘാടനം നടത്തുകയും ചെയ്തിരുന്നു.

അമെരിക്കയിൽ നിന്നും വിമാനം എത്തിച്ചെങ്കിലും ഇരട്ട എഞ്ചിനുള്ള വിമാനം പറത്താൻ പൈലറ്റിനെ ലഭിച്ചിരുന്നില്ല. എയർ ആംബുലൻസ് ആയി ഉപയോഗിക്കുന്നതിന് മണിക്കൂറിന് 40000 രൂപയാണ് രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടത്.

കുറഞ്ഞ തുകയ്ക്ക് എയര്‍ ആംബുലന്‍സ് നടത്താന്‍ സാധിക്കുമെങ്കിലും ഈ തുകപോലും ചെലവാക്കാനാവില്ലെന്ന നിലപാടിലാണ് സര്‍ക്കര്‍ പദ്ധതി വേണ്ടെന്ന് വയ്ക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.എന്നാല്‍ ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ പുനരാലോചന നടത്തുമെന്നാണ് ആരോഗ്യ മന്ത്രിയുടെ നിലപാട്.