കാശ്മീരിലെ സംഘർഷത്തിനു അയവില്ല;മരണം 30 ആയി

single-img
12 July 2016

 

5783b51bb8bc6
ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ സൈനിക നടപടിയിലൂടെ കൊലപ്പെടുത്തിയതിന് പിന്നാലെ കശ്മീരിലുണ്ടായ സംഘര്‍ഷത്തിൽ 30 മരണമായി.കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവിന്റെ മരണത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് അഗാധ നടുക്കം പ്രകടിപ്പിച്ചതും ബുര്‍ഹാന്‍ വാനിയെ കശ്മീരി നേതാവായി വിശേഷിപ്പിച്ചതും ഇന്ത്യയെ അതൃപ്തമാക്കിയിട്ടുണ്ട്.അതേസമയം 30 ലധികം പേരുടെ മരണത്തിനിടയാക്കിയ സംഘര്‍ഷത്തില്‍ പാകിസ്താന് പങ്കുള്ളതായി സംശയം.സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി ഡല്‍ഹിയില്‍ യോഗം വിളിച്ചു ചേര്‍ത്തിരിക്കുകയാണ്.

കശ്മീരിലേക്ക് കൂടുതല്‍ സേനയെ അയയ്ക്കാന്‍ ആലോചിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പ്രതിഷേധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും പിന്നില്‍ പാകിസ്താന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരേ പോരാടാന്‍ കൂടുതല്‍ വാനിമാര്‍ ഉയര്‍ന്നു വരുമെന്ന് പാക് ഭീകരസംഘടന ജമാ അത്തുദ്ദ അവ മേധാവി പറഞ്ഞു. ഭീകരന്‍ ഹാഫിസ് മുഹമ്മദ് സയീദും ഇന്ത്യയെ വെല്ലുവിളിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് ഇന്ത്യ പാകിസ്താന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പാകിസ്താന്‍ ഭീകരതയെ അയല്‍രാജ്യങ്ങള്‍ക്കെതിരേ തങ്ങളുടെ നയം നടപ്പിലാക്കാന്‍ ഉപയോഗിക്കുകയാണെന്ന ആരോപണവും ഇന്ത്യ ഉയര്‍ത്തിയിട്ടുണ്ട്.

അതേസമയം കശ്മീരിലുണ്ടായ സംഘര്‍ഷത്തിന് സര്‍ക്കാരിനെ കുറ്റപ്പെടുത്തി ശിവസേനയും വിശ്വഹിന്ദുപരിഷിതും. വാനിയുടെ മരണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ നിലപാടെന്താണെന്ന് ശിവസേന ചോദിച്ചു.മെഹബൂബയെ കശ്മീര്‍ ഏല്‍പ്പിച്ചത് ബിജെപിക്ക് പറ്റിയ തെറ്റാണോയെന്ന് മുഖപത്രമായ സാമ്‌നയില്‍ സേന ചോദിക്കുന്നു. കശ്മീരിന്റെ അവസ്ഥ മുന്‍പുള്ളതിലും സങ്കീര്‍ണമായിരിക്കുകയാണ്. മുഫ്തി നേരത്തെ അഫ്‌സല്‍ ഗുരുവിനെ പിന്തുണച്ചിരുന്നു. വിപ്ലവകാരിയെന്നാണ് അവര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. മെഹബൂബയുടെ നേതൃത്വത്തെ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണെന്നും ശിവസേന പറഞ്ഞു.

മെഹബൂബയെ മുഖ്യമന്ത്രിയാക്കി പിഡിപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയ ബിജെപിയുടെ പരീക്ഷണം പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് വിഎച്ച്പി കുറ്റപ്പെടുത്തി. എത്രയും വേഗം സര്‍ക്കാര്‍ പിരിച്ചുവിടണം. അമര്‍നാഥ് യാത്രികരെ അക്രമിക്കാന്‍ ലക്ഷ്യമിടുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. ഹിന്ദുക്കളെ ലക്ഷ്യമിടുകയാണെങ്കില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും വിഎച്ച്പി നേതാവ് സുരേന്ദ്ര ജെയ്ന്‍ പറഞ്ഞു.

ബിജെപി-പിഡിപി സഖ്യമാണ് ജമ്മു കശ്മീര്‍ ഭരിക്കുന്നത്.