വരന് പ്രായം കൂടി;താലി ചാർത്തുന്നതിനു മിനിറ്റുകൾക്കു മുൻപ് കതിര്‍മണ്ഡപത്തില്‍നിന്ന് വധു ഇറങ്ങി ഓടിയത് പോലീസ് സ്റ്റേഷനിലേക്ക്‌.

single-img
11 July 2016

Wedding

കൊടുങ്ങല്ലൂർ ∙ വരൻ താലി ചാർത്തുന്നതിനു മിനിറ്റുകൾക്കു മുൻപേ വധു ക്ഷേത്രാങ്കണത്തിൽനിന്ന് ഇറങ്ങിയോടി.വരന്റെ ബന്ധുക്കളും മറ്റു നാട്ടുകാരും നോക്കിനിൽക്കെയാണ് വധു ഓടിയത്. എന്താണു നടക്കുന്നതെന്ന് അന്വേഷിക്കും മുൻപേ യുവതി പോലീസ് സ്റ്റേഷനിലെത്തി,
ഞായറാഴ്ച രാവിലെ കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതീക്ഷേത്ര നടയില്‍ താലികെട്ടിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് നാടകീയ സംഭവം. വിവാഹസാരിയും ആഭരണങ്ങളും അണിഞ്ഞെത്തിയ ലോകമലേശ്വരം സ്വദേശിയായ പതിനെട്ടുകാരി ക്ഷേത്ര നടയില്‍നിന്നും ബന്ധുക്കളുടെ കണ്ണ് വെട്ടിച്ച് സമീപത്തെ പോലീസ് സ്റ്റേഷനിലേക്ക് ഓടുകയായിരുന്നു.

വരനും വധുവും ഒരുമിച്ചാണ് വിവാഹത്തിനായി ക്ഷേത്രത്തിലെത്തിയത്. വരന്റെ ബന്ധുക്കൾ താലി പൂജിക്കാൻ നൽകിയപ്പോഴാണ് വധു വിവാഹം വേണ്ടെന്നു പറഞ്ഞു പിൻവാങ്ങിയത്. വധുവിനു 18 വയസാണ്. വരന് മുപ്പത്തിനാലും. തന്നേക്കാളും പ്രായം കൂടുതൽ കാരണം പിൻവാങ്ങുന്നതായാണ് വധു പൊലീസിൽ അറിയിച്ചത്.

സാമ്പത്തികമായി പിന്നാക്കമായിരുന്നതിനാല്‍ വധുവിനുള്ള വിവാഹസാരിയടക്കമുള്ള വസ്ത്രങ്ങളും ആഭരണങ്ങളും വരന്റെ വീട്ടുകാരാണ് നല്‍കിയിരുന്നത്. ഇതെല്ലാം തിരിച്ചുനല്‍കിയാണ് പെണ്‍കുട്ടി സഹോദരിയോടൊപ്പം മടങ്ങിയത്. വിവാഹത്തില്‍നിന്നു പിന്‍മാറിയ പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കുമെതിരെ വരന്റെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.