ഹിസ്ബുള്‍ ഭീകരന്റെ വധത്തെ തുടർന്ന് കാശ്‌മീരിൽ സംഘർഷം തുടരുന്നു: മരണം 23 ആയി

single-img
11 July 2016

burhan
ശ്രീനഗർ : ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ ബുർഹാൻ വാനിയെ സൈന്യം വധിച്ചതിനെ തുടർന്ന് കാശ്മീരിൽ ഉടലെടുത്ത സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി ഉയർന്നു. ഇന്നലെ ഏഴും ശനിയാഴ്ച മൂന്നും പേരുമാണ് മരിച്ചത്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് കർഫ്യു മറ്റിടങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇന്നലെ പൊലീസ് ഡ്രൈവർ ഫിറോസ് അഹമ്മദിനെ പ്രക്ഷോഭകാരികൾ ത്സലം നദിയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയിരുന്നു.
ശ്രീനഗറിലെ പ്രധാന ആശുപത്രികളെല്ലാം പരുക്കേറ്റവരെക്കൊണ്ടു നിറഞ്ഞു. 30ഓളം നാട്ടുകാർക്ക് വെടിവെയ്പിൽ പരിക്കേറ്റു. ശനിയാഴ്ചവരെയുള്ള കണക്ക് പ്രകാരം 70 ആളുകളാണ് വെടിവെയ്പിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുന്നത്. ഇതിൽ 10 പേരുടെ നില ഗുരുതരമാണ്. സുരക്ഷാസൈനികർ അടക്കം ഇരുനൂറിലധികം പേർക്ക് അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട് .

അതേസമയം ഹിസ്ബുള്‍ ഭീകരവാദി ബുര്‍ഹാന്‍ വാനിയുടെ വധത്തിൽ ഇന്ത്യയെ ശക്തമായി വിമര്‍ശിച്ച് പാകിസ്ഥാന്‍. കടുത്ത മനുഷ്യാവകാശ ലംഘനമാണ് കശ്മീരില്‍ ഇന്ത്യ നടത്തുന്നതെന്നും പാകിസ്ഥാന്‍ ആരോപിച്ചു.

സ്വതന്ത്ര ഭരണം വേണമെന്ന കശ്മീരുകാരുടെ ആവശ്യത്തെ അടിച്ചമര്‍ത്താനാണ് സൈന്യം ശ്രമക്കുന്നതെന്നും കുറ്റപ്പെടുത്തല്‍. കശ്മീര്‍ നേതാക്കളെ ജയിലില്‍ അടക്കുന്നതിനെയും പാകിസ്ഥാന്‍ വിമര്‍ശിച്ചു.