ഭീമ ജ്വല്ലറിക്കുളള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭൂമിദാനം റദ്ദാക്കി

single-img
11 July 2016

bhima_logoതിരുവനന്തപുരം: 100 കോടിയോളം രൂപ വിലമതിക്കുന്ന ഭൂമി ഭീമ ജ്വല്ലറിക്ക് തുച്ഛവിലയ്ക്ക് കൈമാറിയ യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കിയതായി വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍.എറണാകുളം കടവന്ത്രയിലുളള 5.13 ഏക്കര്‍ ഭൂമി വെറും 15 കോടി രൂപ മുന്‍കൂര്‍ വാങ്ങിയാണ് ഭീമ ജ്വല്ലറിക്ക് കൈമാറാന്‍ ഒരുങ്ങിയത്.

വിഎസ് അച്യുതാനന്ദന്‍ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കവെയാണ് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ ഭീമയ്ക്ക് ഭൂമി നല്‍കാനുളള മുന്‍ സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയതായി അറിയിച്ചത്.

80 വര്‍ഷം കൊണ്ട് ഭൂമി വിലയില്‍ വരുന്ന വര്‍ധന പോലും കണക്കാക്കാതെയാണ് ഈ തുകകള്‍ നിശ്ചയിച്ചിരിക്കുന്നത് എന്നതാണ് ഏറെ ഗുരുതരം. ഇടപാടിനു പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സിഡ്‌കോ എംഡിയായിരുന്ന സജി ബഷീറിന്റെ നേതൃത്വത്തിലാണ് ഭീമ ജ്വല്ലറിയുമായി ഭൂമി കൈമാറ്റത്തിനുളള ധാരണകള്‍ തയ്യാറാക്കിയത്. ഇടപാടിന്റെ ഭാഗമായി ഭീമ 50 ലക്ഷം രൂപ സിഡ്‌കോയില്‍ അടയ്ക്കുകയും ചെയ്തു. വ്യവസായ കേന്ദ്രം തുടങ്ങാനായി സിഡ്‌കോ വിളിച്ച ടെന്‍ഡറില്‍ ഭീമയും ഗ്രീന്‍ ടിവിയും എന്ന രണ്ടു കമ്പനികള്‍ മാത്രമാണ് പങ്കെടുത്തത്.ഇതില്‍ കരാര്‍ ഭീമയ്ക്ക് തന്നെ ലഭിച്ചു. ടെന്‍ഡറില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് വിരുദ്ധമായാണ് ഭീമ ജ്വല്ലറിയുമായി സര്‍ക്കാര്‍ ധാരണയില്‍ എത്തിയത്.