ഭിന്നലിംഗക്കാർക്ക് നേരെ കൊച്ചി പോലീസിന്റെ ക്രൂര മർദ്ദനം

transegender

തിരുവനന്തപുരം/കൊച്ചി: ഇന്ത്യ മഹാരാജ്യത്തു ഒരു ട്രാൻസ്‍ജെൻഡർ പോളിസി അഥവാ ഭിന്നലിംഗ നയം ആദ്യമായി പ്രാബല്യത്തിൽ വന്ന സംസ്ഥാനമെന്നതിൽ അഭിമാനിക്കുന്നവരാണ് ഒട്ടുമിക്ക മലയാളികളും.
പക്ഷെ കഴിഞ്ഞ ദിവസം കൊച്ചിയിൽ അരങ്ങേറിയ രണ്ടു വ്യത്യസ്ത സംഭവങ്ങൾ ഇതിലേക്കൊരു ചോദ്യ ചിഹ്നമായി നിലകൊള്ളുന്നു.

ഭിന്നലിംഗക്കാർക്കിടയിൽ പ്രവർത്തിക്കുന്ന ശീതൾ ശ്യാം അവരുടെ ഫെയ്‌സ് ബുക്കിലൂടെയാണ് ഭിന്നലിംഗക്കാർക്കു നേരെ കൊച്ചി പോലീസിൽ നിന്നുമുണ്ടായ കൊടിയ പീഡന വാർത്ത പുറം ലോകത്തെ അറിയിച്ചത്.

“അന്യ സംസ്ഥാനങ്ങളിൽ നിന്നും വന്ന് കൊച്ചിയിൽ തമ്പടിച്ചിരിക്കുന്ന ഭിന്നലിംഗക്കാർ മോക്ഷണം പിടിച്ചുപറി തുടങ്ങി അസാന്മാർഗിക കാര്യങ്ങളിൽ ഏർപെടുന്നതിപ്പോൾ ഒരു പതിവ് കാഴ്ചയാണ്. ഇതിനെ ചോദ്യം ചെയ്ത കേരളത്തിലുള്ള ഭിന്നലിംഗക്കാരെ അവർ മര്ദിക്കുകയുണ്ടായി. ഇതു സംബന്ധിച്ചു പരാതിയുമായി വെള്ളിയായ്ച്ച കൊച്ചി നോർത്തു പോലീസ് സ്റ്റേഷനിൽ ചെന്ന പതിനൊന്നു പേരെ യാതൊരു കാരണവും കൂടാതെ വിചാരണ തടവിലാക്കി പീഡിപ്പിച്ചു,” ശീതൾ ഇ -വാർത്തയോട് പറഞ്ഞു.

എറണാകുളത്തു നിന്നും ഭിന്നലിംഗക്കാരെ പൂർണ്ണമായും ഒഴിപ്പിക്കാനുള്ള പോലീസിന്റെ നിഗൂഢ തന്ത്രമാണിതെന്നും ശീതൾ അവകാശപ്പെടുന്നു.

മറ്റൊരു സംഭവത്തിൽ ഇതേ സ്റ്റേഷനിൽ രണ്ടു ഭിന്നലിംഗക്കാർക്കു നേരെ ഇവിടുത്തെ എസ് എച് ഒ (സ്റ്റേഷൻ ഹെഡ് ഓഫീസർ) ആയ എസ് സനലിൽ നിന്നും നിഷ്ക്രൂരമായ മർദ്ദനം ഏൽക്കേണ്ടി വന്നു. മാത്രമല്ല ഇതേ ഉദ്യോഗസ്ഥനിൽ നിന്നും മുൻപും ഇപ്രകാരത്തിലുള്ള സമീപനം ഉണ്ടായിട്ടുണ്ടെന്നാണ് അറിയുവാൻ കഴിഞ്ഞത്.

ഭിന്നലിംഗക്കാര്‍ക്കിടയിൽ അവരുടെ ഉന്നമനത്തിനും പുനരധിവാസത്തിനും വേണ്ടി ദിനരാത്രം പ്രവർത്തിക്കുന്ന മറ്റൊരു പ്രവർത്തകയായ ഹരിണി ചന്ദനയ്ക്കും പങ്ക് വയ്ക്കാനുള്ളത് ആകുലതകൾ മാത്രം.

“ഒരു മനുഷ്യ ജീവിയെന്നുള്ള പരിഗണന പോലും പലപ്പോഴും ഞങ്ങൾക്ക് നിഷേധിക്കപ്പെടുന്നു. ഈ ഭൂമിയിൽ ഞങ്ങൾക്കും തുല്യ അവകാശമാണുള്ളത്. കൊച്ചിയിൽ ഉണ്ടായ സംഭവം തികച്ചും അപലപനീയവും പ്രതിഷേധാർഹവുമാണ്. പോലീസ് ഉദ്യോഗസ്ഥർ ലിംഗ നിർണയത്തിന് പരസ്യമായി വസ്ത്രമഴിക്കാൻ ആവശ്യപ്പെടുകയും, സമ്മർദ്ദത്തിന് വഴങ്ങി അതു ചെയ്തപ്പോൾ അവരുടെ ഗൂഹ്യ ഭാഗങ്ങളിൽ മർദിച്ചു ക്ഷതമേൽപ്പിക്കുകയും ചെയ്തു,” ഹരിണി പറയുന്നു.

എന്നാൽ പോലീസുമായി ഇ -വാർത്ത ബന്ധപ്പെട്ടപ്പോൾ ആരോപണങ്ങൾ എല്ലാം നിരാകരിക്കുകയാണുണ്ടായത്.തുടർന്നു പ്രതിഷേധ പ്രകടനങ്ങളും കുത്തിയിരുപ്പ് സമരവുമായി മുന്നോട്ടു പോകാനാണ് ഭിന്നലിംഗ കൂട്ടായ്‌മയായ മാക്സ് വെല്ലിന്റെ തീരുമാനമെന്നും അറിയുന്നു.